വെള്ളി മേഘങ്ങൾക്കിടയിലെ മിന്നൽ പ്പിണരായി ,കാറ്റായി ,മഴയായി എനിയ്ക്ക് പെയ്തിറങ്ങാനൊരു തീരം.....
ചൊവ്വാഴ്ച, സെപ്റ്റംബർ 12, 2023
പനി നിറങ്ങൾ
വ്യാഴാഴ്‌ച, മാർച്ച് 09, 2023
ഖബർ
നെഞ്ചിനുള്ളിൽ,
കാറ്റിലാടുന്നൊരു മുൾപ്പടർപ്പുണ്ട്,
വാക പൂത്ത പോൽ,
ചെഞ്ചോരപ്പാടുകളുണ്ട്,
ഞാൻ പാത്തു വച്ച നിൻ,
മുഖബിംബച്ചീളുകളുണ്ട്!!
നെഞ്ചിനുള്ളിൽ,
ഒരു ശ്വാസം കേറാമൂലയുണ്ട്,
അതിൽ,
കാലമടക്കിയ നിൻ ഖബറുണ്ട്,
അതിനോരത്തായ് ,
കാറ്റിലാടുന്നൊരു മുൾപ്പടർപ്പുണ്ട്!!
ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2022
കാട്
ഒരു വിത്ത്
കാറ്റിൽ പാറി വന്നതോ
ജന്മപാശത്തിൻ ചുറ്റുഗോവണി താണ്ടി,
തേടി വന്നതോ
പുണ്ണെങ്കിലും മനസ്സിൽ പുതഞ്ഞു
ചാല് കീറിയെത്തിയതു-
പ്പുവെളളമെങ്കിലും തളിർത്തു
പിന്നെ, ഇലയായി,ചെടിയായി,
പൂവായി നിറവായി
പതിയെ, പതിയെ തുടർച്ചകളായി..
മനസ്സ് നിറഞ്ഞ്, ദേഹം കവിഞ്ഞ്,
ഞാനൊരു കൊടുംകാടായി!!
ഇപ്പോൾ
ആകാശമില്ലാ, വെളിച്ചമില്ലാ,
വഴിയുമില്ലാ, ഇരുട്ടാണ് സർവ്വം!
ഒരു തുള്ളി തീ പോലും നിലാവെട്ടം!
തമസ്സിലക്ഷി ചുഴറ്റിയവിരാമം
തേടുവതൊരു തീക്കൊള്ളി
ചുവന്നു കത്തി ഭസ്മമാകാൻ ,
അണയും മുൻപേയെങ്കിലുമൊന്നാളാൻ!!
വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2021
കൂടൊഴിഞ്ഞ പക്ഷി
ഞാനൊഴിഞ്ഞുപോയ വീട്ടിൽ
ബാക്കിയാവുന്നതെന്തായിരിയ്ക്കും?
ഞാൻ പൊഴിച്ച പടം പോൽ
പൊള്ളിയടർന്ന ചുവരിൻ ചർമ്മമോ?
ചലിയ്ക്കാത്ത പേശികളും ,
സൂര്യനസ്തമിച്ച കണ്ണുകളുമായി
അതിൽ തൂങ്ങും മുഖചിത്രമോ?
ഞാനൂരിയെറിഞ്ഞ ലോഹവളയങ്ങളോ?
എഴുതി നിറച്ചിട്ടും എടുക്കുവാൻ മറന്ന
പ്രണയ പുസ്തകമോ?
അതോ..
എൻ്റെ ഓർമ്മകൾക്കു മീതെ പരക്കുവാൻ
ഞായറാഴ്‌ച, ഏപ്രിൽ 05, 2020
തർപ്പണം
വെള്ളിയാഴ്‌ച, ഏപ്രിൽ 03, 2020
തീ പിടിച്ച ആകാശം പോലൊരു മനസ്സ്
ദൂരെ ചുവന്ന വര പോലെ
കാട് കത്തുന്നതെനിയ്ക്ക് കാണാം.
അടുത്തെത്തി തുടങ്ങിയ ചൂടിൽ
ചുറ്റുമുള്ള ഇലകളെല്ലാം
വാടിത്തുടങ്ങിയിരിക്കുന്നു.
പുറത്തേയ്ക്കുള്ള വാതിലുകളെല്ലാം
തഴുതിട്ട് ഞാനുറങ്ങാൻ കിടന്നു.
എന്റെ അവസാന പൊട്ട് ആകാശവും
പുക വിഴുങ്ങുന്നത് കണ്ട്
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു..
തിങ്കളാഴ്‌ച, ഫെബ്രുവരി 17, 2020
ഞായറാഴ്‌ച, ഫെബ്രുവരി 24, 2019
നിറഭേദങ്ങൾ
ചോര വാർന്നു വെളുത്തും,
പലവട്ടം..
പ്രണയിച്ചു ചുവന്നും,
ഒരുപാട്..
കരഞ്ഞു കറുത്തും,
പിന്നീട്..
പനിച്ചു മഞ്ഞച്ചും,
ഒടുവിൽ..
ചത്തു നീലച്ചും, ഞാൻ!!
ഇനി..
പൊടിച്ച് പൊങ്ങാം,
തളിർ പച്ചയായി...
വെള്ളിയാഴ്‌ച, ജൂലൈ 20, 2018
ഓർമ്മ
വെള്ളിയാഴ്‌ച, ജനുവരി 27, 2017
എഴുത്ത്
പലകുറി ചിന്തിച്ചു .
നിർത്തി !
പലകുറി തീരുമാനിച്ചു.
നിർത്തിയപ്പോൾ,
കൈ വിറച്ചു ..
കാൽ കുഴഞ്ഞു ..
കണ്ണ് ചത്തു ..
പാലു കല്ലച്ച അമ്മമാരെപ്പോൽ,
നെഞ്ച് കടഞ്ഞു നിലവിളിച്ചു ..
അടക്കാനാളില്ലാത്ത ശവം പോൽ
വെളിമ്പറമ്പിൽ മനസ്സളിഞ്ഞു ..
കൈ പേന തേടി,
പേന മഷി തേടി ,
വറ്റും വരെയൊഴുകും...
എന്നക്ഷരം കടുപ്പിച്ചു!!
ചൊവ്വാഴ്ച, ജനുവരി 24, 2017
നിഴൽപ്പാടുകൾ
ഞാൻ വാങ്ങിക്കൊണ്ടു വന്ന ചുവന്ന കല്ലുമാലയിട്ട് കണ്ണാടി നോക്കിക്കൊണ്ടവൾ പറഞ്ഞു..
"ഇതൊക്കെ നല്ല നിറമുള്ളവർക്കേ ചേരൂ.." അവൾ സങ്കടപ്പെട്ടു..
"ആരാ നിനക്കീ വക വിഡ്ഢിത്തങ്ങൾ പറഞ്ഞു തരുന്നേ?.."
കണ്ണാടി ചില്ലു കൊണ്ട് മുറിഞ്ഞ മനസ്സിന്റെ പോറൽ മറയ്ക്കാനെന്നവണ്ണം ഞാൻ അവളോട് ദേഷ്യപ്പെട്ടു..
" കറുപ്പും വെളുപ്പുമൊന്നുമല്ല ഭംഗി നിശ്ചയിക്കുന്നത്..കാണുന്നവന്റെ കണ്ണിലാണ് ഭംഗി .."
ഞാൻ പഴയ കവി വചനം ഉരുവിട്ട് കൊണ്ടവളെ ചേർത്ത് പിടിച്ചു..
"എന്റെ കുട്ടി സുന്ദരിയാണ്.."
അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ, കൺകോണിൽ തുളുമ്പി നിന്ന നീർത്തുള്ളി തിളങ്ങി ..
എത്ര ചെറുപ്പത്തിലേ അവൾ കറുപ്പിനെ വെറുത്തു തുടങ്ങി,വെളുപ്പിനെ പേടിച്ചും ആരാധിച്ചും തുടങ്ങി എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചു.. ടിവി പരസ്യങ്ങളിലൂടെ,പത്രത്താളുകളിലൂടെ ,വഴിയരികിലെ കണ്ണഞ്ചിപ്പിക്കുന്ന ബോർഡുകളിലൂടെ, പടിഞ്ഞാറു നിന്ന്, വടക്കും കടന്നു ഇങ്ങു തെക്കിരിയ്ക്കുന്ന എന്റെ കിടപ്പുമുറിയിലേക്ക് വരെ കൈകൾ നീട്ടുന്ന വെളുപ്പിന്റെ അധിനിവേശം എന്നെ കുറച്ചോന്നുമല്ല അസ്വസ്ഥയാക്കിയത്..എന്തിനെന്നറിയാതെ കലുഷിതമായ മനസ്സു ചികഞ്ഞ്, ഞാൻ കാരണം നുള്ളിയെടുക്കാൻ ശ്രമിയ്‌ക്കേ , ആഴ്ന്നാഴ്ന്നു പോകുന്ന ഒരു മുള്ളിന്റെ വേദന ഉടലാകെ പടർന്നു..
ഉറങ്ങാൻ കിടക്കുമ്പോൾ പതിവായ കഥ പറച്ചിലിന്നവസാനം ഞാൻ അവളോട് പറഞ്ഞു ..
"നിനക്കറിയുമോ കുഞ്ഞേ .., കറുപ്പ് എല്ലാ വർണങ്ങളേയും സ്വാംശീകരിയ്ക്കുമ്പോൾ,എല്ലാ നിറങ്ങളെയും ഉൾക്കൊള്ളുമ്പോൾ,വെളുപ്പ് എല്ലാത്തിനെയും പുറം തള്ളുന്നു..നിറമില്ലായ്മയാണ് വെളുപ്പ്... കറുപ്പോളം ആഴമുള്ള മറ്റൊരു നിറമുണ്ടോ? കാട് പോലെയാണ് കറുപ്പ് ..അതിൽ പടരുന്ന തീ പോലെയാണ് ചുവപ്പ്..."
മനസ്സിലായിട്ടോ എന്തോ അവൾ ഒന്നു മൂളി.., പിന്നെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു..
ഒന്നിനെ നല്ലതെന്നു പറയാൻ, മറ്റൊന്നിനെ എന്തിനു ചീത്തയെന്നു പറയണമെന്ന ചിന്തയിൽ സ്വയം ചുറ്റിത്തിരിഞ്ഞൊടുവിൽ പാതിമയക്കത്തിലേക്ക് മനസ്സൂളിയിടുമ്പോഴാണ് ,ചുവപ്പും വെള്ളയും പെയിന്റടിച്ച പടിവാതിൽ തള്ളിത്തുറന്നു കൊണ്ട് പൊടുന്നനെ അവർ കയറി വന്നത്...
'ചിരിയ്ക്കണ തള്ള ..'തീരെ മയമില്ലാത്ത പേരാണെങ്കിലും അതാണ് ഞങ്ങൾ അവരെ വിളിച്ചിരുന്നത് .ഞങ്ങൾ എന്നാൽ ഞാൻ അടങ്ങുന്ന ഞങ്ങൾ, കുട്ടികൾ..ഒരു ഭിക്ഷക്കാരി അതിൽ കൂടുതൽ ബഹുമാനമൊന്നും അർഹിയ്ക്കുന്നുണ്ടെന്ന് അന്ന് ഞങ്ങൾ കരുതിയിട്ടില്ല. തീരെ മാംസളമല്ലാത്ത ശരീരം ഒരു മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ് കെട്ടി,കണ്മഷിയെ തോൽപ്പിയ്ക്കുന്ന ഉടൽകറുപ്പിൽ ഒരു ചുവന്ന കല്ലുമാലയിട്ട്, തോളിൽ ഭാണ്ഠവുമായി അവർ പതിവായി ഞങ്ങളുടെ പടി കടന്നു വന്നു..ആരോ വരച്ച ലക്ഷ്മണ രേഖ കണ്ടിട്ടെന്ന പോലെ സ്ഥിരമായി പ്ലാവിനും തൊഴുത്തിനുമിടയിൽ ചിരിച്ചു കൊണ്ടവർ നിന്നു ..തൊലിപ്പുറങ്ങളിൽ ഭൂതകാലം ഭൂപടം വരച്ച വേനലിന്റെ കനൽപ്പുള്ളികളേയും ,നീളത്തിൽ കീറിയിട്ട കണ്ണീർമഴച്ചാലുകളേയും അവർ തന്റെ വെറ്റിലക്കറ പുരണ്ട, അരികു പൊട്ടി അറ്റം കൂർത്ത പല്ലു കാട്ടിയുള്ള ചിരിയാൽ വെല്ലു വിളിച്ചു....അഞ്ചു പൈസയോ, വല്ലപ്പോഴും കുടിയ്ക്കാൻ ഒരൽപ്പം കഞ്ഞി വെള്ളമോ കയ്യിലെ തൂക്കുപാത്രത്തിൽ വാങ്ങി, ഒരു പായാരവും പറയാതെ ചിരിച്ചു കൊണ്ടവർ പടി കടന്നു പോയി ..അപ്പോൾ ഞങ്ങൾ അവരുടെ കഴുത്തിൽ കിടന്നു ചിരിച്ചിരുന്ന ചുവന്ന കല്ലുമാലയുടെ ചേർച്ചക്കുറവിനെ കുറിച്ച്,അവരുടെ ഒരിയ്ക്കലും തീരാത്ത, എന്തിനെന്നു ഞങ്ങൾക്കന്ന് തിരിച്ചറിയാനാകാതെ പോയ ചിരിയെ കുറിച്ച് പതിവായി അടക്കം പറഞ്ഞു ചിരിച്ചു..
ഒരുപാടാണ്ടുകൾ കവിഞ്ഞൊഴുകി ,അവരെന്റെ മുന്നിൽ വന്നു നിന്നു..തെളിമയോടെ ചിരിച്ചു..തന്റെ ചുവന്ന കല്ലുമാല ഇനിയും പൊട്ടിയിട്ടില്ലെന്നോർമിപ്പിച്ചു..പിന്നെ പതിയെ ഇരുട്ടിലലിഞ്ഞലിഞ്ഞി ല്ലാതെയായ് ..
കറുപ്പിന്റെ ചേർച്ചക്കുറവുകളുടെ പഴക്കത്തിൽ നടുങ്ങിയിട്ടെന്നവണ്ണം പെട്ടന്ന് മനസ്സ് മയക്കം വിട്ടുണർന്നു...അരികെ കിടന്നുറങ്ങുന്ന കുഞ്ഞു മുഖത്തേയ്ക്കു നോക്കിയപ്പോൾ അറിയാതെ തല താഴ്ന്നു ..ഏറെ ആഴ്ന്നുപോയൊരു മുള്ളിന്റെ വേദനയിൽ നിന്നും ആ കുഞ്ഞു മനസ്സിനെ വേർപെടുത്തേണ്ടതെങ്ങനെയെന്നറിയാതെ ഞാൻ നിർന്നിമേഷയായിരുന്നു..
ബുധനാഴ്‌ച, ജനുവരി 04, 2017
ദിക്കറിയാ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..
ഒരു മഴക്കാടിന്നിരമ്പമുണ്ടെന്നാകിലും,
ഒരു തിരത്തള്ളലിൻ വേഗമാർജ്ജിയ്ക്കിലും,
സങ്കുചിതമാണെൻറെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..
ഒരു പൊട്ടു ചായത്തിൻ ചിരിമെഴുകി
ഞാനെന്റെ നടുമുറ്റം ചന്തം പൊലിപ്പിക്കിലും,
ജലരാശി തേടിപ്പായുമെന്നടിവേര് മുളപൊട്ടി,
നെടുകെ പിളർക്കുന്നതിൻ മണ്പുറങ്ങൾ..
സങ്കുചിതമാണെന്റെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ്..
ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2016
കരിയിലയും കാറ്റും
മെല്ലെയാണെന്നിൽ പടർന്നത് ..
പിന്നെയാണ് നമ്മളൊരേ കാറ്റിന്നുടലായത്
മലമുകളിൽ പെരുമഴയായാർത്തത്
ആറ്റിൽ പ്രണയത്തിൻ നീരൊഴുക്കേറ്റിയത് ...
കടലുപ്പോളമുള്ളം നീറ്റിയതും
മഴവില്ലോളം തെളിഞ്ഞതും
തിരയിൽ തുള്ളിയതും
മഴയിൽ കുളിർന്നതും
ഒരിയ്ക്കൽ നിലം തൊടു-
മെന്നറിഞ്ഞു തന്നെയാണ്
നീയറിയുക ..
ആരോഹണങ്ങൾക്കും
അവരോഹണങ്ങൾക്കും അപ്പുറമാണ്
എനിയ്ക്കു നിന്നോടുള്ള പ്രണയമെന്ന് ..
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2016
കഥയുടെ അറ്റത്ത്.....
"സാരമില്ല ഞാൻ കൈ പിടിയ്ക്കാം.." അവൾ അവന്റെ കൈകളിൽ കൈ കോർത്തു..
"ആഴം കൂടും തോറും ഇരുട്ടേറും.. ശ്വാസം മുട്ടും.." അവൻ വിയർത്തു.
"പേടിയ്‌ക്കേണ്ട ഞാനില്ലേ.." അവളവന്റെ കണ്ണുകളിലേയ്ക്ക് നോക്കി,
"എന്റെ കൂടെ വരൂ.."അവൾ വിളിച്ചു.
അവനനങ്ങിയില്ല..
കൈകളടർത്തി മാറ്റി അവൾ പടവുകളിറങ്ങാൻ തുടങ്ങി..
പാതി ദൂരം ചെന്ന് തിരിഞ്ഞു നോക്കി ,കൈകൾ നീട്ടി.. "വരുന്നില്ലേ?.."
"വേണ്ട കാൽ വഴുക്കും, തെന്നി വീഴും.. നീ കയറിപ്പോരൂ.."അവന്റെ ശബ്ദം മുഴങ്ങി.
അവൾ അക്ഷരപ്പടവുകളിലൂടെ ശ്രദ്ധയോടിറങ്ങി..
ഉള്ളിലേക്കിറങ്ങും തോറും അവൾ കണ്ടു, പടവുകളിൽ അവളെ കാത്തിരിയ്ക്കുന്ന കഥാപാത്രങ്ങൾ! അവരവളുടെ കൈ പിടിച്ചു,കൂട്ടുകൂടി..
അവൻ താഴേയ്ക്കുറ്റു നോക്കി.ഒരു പൊട്ടു പോലുമില്ലാതവൾ ഇരുട്ടിൽ മാഞ്ഞു പോയിരുന്നു.അവന്റെ വിഹ്വലതകൾ ഒരു നിലവിളിയായി അക്ഷരക്കെട്ടുകളിൽ പ്രതിധ്വനിച്ചു .., ആഴങ്ങളിൽ വീണു മരിച്ചു....ഇറങ്ങിപ്പോയവളെയും കാത്ത് അവനിരുന്നു.. ഒരു കഥയുടെ അറ്റത്ത്.....
തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2016
അടിമ
നീ നീട്ടിയ ചന്തമോലും മേൽക്കുപ്പായം
അടിമയുടേതാണെന്ന്
വൈകിയാണ് ഞാനറിഞ്ഞത് ..
ആദ്യമാദ്യം എന്റെ ശരീരം
അതിനുള്ളിൽ വിറകൊണ്ടു ,
വിയർത്തുരുകി ,
കുടഞ്ഞെറിഞ്ഞു ..
പിന്നെ വളരെപ്പതുക്കെ ,
അതിനുള്ളിലുടലൊതുക്കി ,
സ്വയമിണങ്ങി ,
ചുരുണ്ടിറങ്ങി ..
ഇന്ന്, പറിച്ചെടുക്കാനാകാതെ,
സ്വയം വീണ്ടെടുക്കാനാകാതെ,
പഴയോരച്ചിൽ വിരിഞ്ഞ
സ്വത്വം വാർന്ന, ഒരുപാട് പാവകളിലൊന്ന് ..
എല്ലാം എല്ലാം ഒരു പാവക്കളി..
ഒരടിമക്കളി!!!
ബുധനാഴ്‌ച, ഏപ്രിൽ 27, 2016
കൂടപ്പിറപ്പ്
ഒരോർമ്മയുടെ രണ്ടറ്റങ്ങൾ
ഒരേ തിരുമുറിവിൻ ഉടൽപ്പകർച്ചകൾ
ഒരുകാലം ഒരേ പാൽച്ചിരി പകുത്തോർ
ഒരേ നൊമ്പരച്ചുള്ളിയാൽ പുള്ളി കുത്തിയോർ
ഞാനും നീയും,
ഇന്നുമൊരു മനമെന്നാലും
ഇരുമെയ് പുണരുവോർ..
അണയാനായും തോറും
ഇഴയകന്നു പോകുവോർ..
ഞാനും നീയും,
പുലർച്ചയ്ക്കൊന്നായൊഴുകി
ഉച്ചയ്ക്കിരുവഴിയായ് പിരിഞ്ഞ-
ന്തിയ്ക്കൊരു കടലായ് കലരേണ്ടവർ..
കൂടപ്പിറപ്പുകൾ,നമ്മളൊരേ
അരിപ്രാവിന്നിരുചിറകുകൾ!!
തിങ്കളാഴ്‌ച, ഏപ്രിൽ 25, 2016
പക
കാലം അമർത്തിക്കെടുത്തിയ തീനാമ്പുകൾ
ഇപ്പോഴും സ്പന്ദിയ്ക്കുന്നുണ്ട് ..
അവയ്ക്ക് മേൽ കോരിയിട്ട ഹിമപാളികൾ
ഉരുകിത്തുടങ്ങിയിരിയ്ക്കുന്നു..
വിടവുകൾക്കിടയിലൂടെ
ഒരുതുള്ളി ശ്വാസം തേടിപ്പിടയ്ക്കുന്നൂ
തീഞരമ്പുകൾ..
ഹിമക്കോട്ടകൾ ഭേദിച്ചൊരുനാൾ
അവ ഉയിർത്തെഴുന്നേൽക്കും.
നേരിപ്പോടുകൾക്ക് മേൽ
വിധിയാം ലാസ്യമൊഴിഞ്ഞ്
താണ്ഡവത്തിൻ ചടുല വേഗമാകും
പടർന്നു കത്തിയൊടുവിൽ
സ്വയമൊടുങ്ങാനാവാതെ
വരുണാ! നിനക്കായി കേഴും..
അന്നെന്നിൽ നീ മഴയായ്, മഞ്ഞായ് പെയ്യുക..
നെരിപ്പോടുകൾക്കടിയിൽ
വീണ്ടുമുറങ്ങട്ടെ ,
ഉറക്കം നടിയ്ക്കട്ടെ..
എന്റെ ഓർമ്മയുടെ സ്ഫുലിംഗങ്ങൾ ..
ചൊവ്വാഴ്ച, ഏപ്രിൽ 19, 2016
നിഷേധി
പക്ഷെ കുട്ടൻ നായർ കരഞ്ഞില്ല..ചിരിച്ചില്ല ..മാവ് വെട്ടുന്നവർക്കൊപ്പം ചേർന്നയാൾ മാവ് വെട്ടി..വിറകൊതുക്കി..,ചകിരിയും, ചിരട്ടയും തയ്യാറാക്കി..ദീനാമ്മയെ കുളിപ്പിച്ച് വെള്ളപുതപ്പിച്ച് കിടത്തി..തെമ്മാടി ക്കുഴിയിലേ അടക്കൂ എന്ന് ശഠിച്ച പള്ളിക്കാരെ വെല്ലുവിളിച്ച്,സ്വന്തം പറമ്പിൽ ചിതയൊരുക്കി അടക്കി.അപ്പോഴെങ്കിലും നാട്ടുകാർ കാത്തു.. ഒരു തുള്ളി...അതുണ്ടായില്ല കണ്ണ് കൊണ്ട് കരയാനറിയാത്ത കുട്ടൻ നായർ പക്ഷേ തന്റെ സങ്കടം മുഴുവൻ വിയർപ്പായൊഴുക്കി ..ശരീരം കൊണ്ട് കരഞ്ഞു ..അത് പക്ഷെ നാട്ടുകാർ കണ്ടില്ല..അറിഞ്ഞില്ല..."വല്ലാത്ത ഒരു മനുഷ്യൻ തന്നെയപ്പാ.."അവർ നെടുവീർപ്പിട്ടു..മൂക്കത്ത് വിരൽ വച്ചു ..
അല്ലേലും കുട്ടൻ നായർ അങ്ങനെയൊക്കെ തന്നെയായിരുന്നു.എന്നും നാട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചവൻ..നിഷേധി..തന്റെതല്ലാത്ത തെറ്റിനു തന്നെ തല്ലിയ സാറിന്റെ കയ്യിൽ നിന്ന് ചൂരൽ പിടിച്ചു വാങ്ങിയ കാലം മുതൽ തുടങ്ങിയതാണ് കുട്ടൻ നായരുടെ നിഷേധങ്ങൾ .. പഠിപ്പിൽ മിടുക്കനായിരുന്നവൻ.. എന്തായാലും ഒരു സർക്കാർ ഉദ്യോഗം വാങ്ങും എന്നു കരുതിയ നാട്ടുകാരെ മുഴുവൻ വിഡ്ഢികളാക്കി കുട്ടൻനായർ പുരയിടത്തിൽ കൃഷിപ്പണി തുടങ്ങി,പാടത്ത് നെല്ലിറക്കി...ഇങ്ങനെ ചെറുതും വലുതുമായ നിഷേധിക്കലുകളിലൂടെ കുട്ടൻ നായർ നാട്ടുകാരെ നട്ടം തിരിച്ചു.
എന്നാൽ നാട്ടുകാർക്ക് മുന്നിൽ കുട്ടൻ നായരെ ഏറ്റവും വലിയ നിഷേധിയാക്കി മാറ്റിയ തീരുമാനം മറ്റൊന്നായിരുന്നു.അയാളുടെ ചെറിയ ചെറിയ ധിക്കാരങ്ങളൊക്കെ സഹിച്ച നാട്ടുകാരെ ഏറെ പ്രകോപിതരാക്കിയത്, ഒരുമിച്ച് കളിച്ച്,ഒരേ മഷിത്തണ്ട് പകുത്ത്, ഒരുമിച്ച് ഈറോലിപ്പഴം തിന്ന് നടന്ന ,ഒരേ സ്കൂളിൽ തന്നെക്കാൾ ഒരു ക്ലാസ്സ് മേലെ പഠിച്ച ദീനാമ്മയെ കുട്ടൻനായർ കെട്ടിയതാണ്..അതും വലിവുകാരി ദീനാമ്മയെ.." ഒത്ത പൊക്കവും വണ്ണവും,കരിവീട്ടി പോലത്തെ ഉറച്ച ശരീരവുമുള്ള കുട്ടൻ നായർക്ക് ചേർന്ന പെണ്ണാണോ സപ്തനാഡികളും എടുത്തു പിടിച്ച് സ്വതവേ വിടർന്ന കണ്ണുകൾ പിന്നെയും തുറിച്ച് എന്തിനെന്നില്ലാതെ ശ്വാസംമുട്ടിപ്പിടയ്ക്കുന്ന നീർക്കോലി പോലെയുള്ള ദീനാമ്മ? അതും അന്യമതസ്ഥ!!..." ജനം മുഖത്തോടു മുഖം നോക്കി.പ്രബുദ്ധരായ അവർ പ്രതികരിച്ചു.പള്ളിക്കമ്മിറ്റി കൂടി ദീനാമ്മയെ പുറത്താക്കി.അമ്പലക്കമ്മിറ്റി തങ്ങളേറ്റെടുക്കില്ലെന്നാവർത്തിച്ചു പറഞ്ഞു. അങ്ങനെ ദീനാമ്മ ആർക്കും വേണ്ടാത്തവളായി.കുട്ടൻ നായർക്ക് മാത്രം വേണ്ടപ്പെട്ടവളായി.
നിങ്ങൾ വിചാരിയ്ക്കും പോലെ കടുത്ത പ്രണയം മൂത്ത് കെട്ടിയതൊന്നുമല്ല കുട്ടൻ നായർ ദീനാമ്മയെ.സത്യം പറഞ്ഞാൽ കെട്ടും വരെ കുട്ടൻ നായർക്ക് ദീനാമ്മയോടു അത്തരത്തിലുള്ള ഒരു വികാരമേ ഉണ്ടായിരുന്നില്ല.ഒരു മനുഷ്യത്വത്തിന്റെ പേരിൽ കളിക്കൂട്ടുകാരിയുടെ കൈപിടിച്ചതാണ് കുട്ടൻ നായർ.
ചെറുപ്പത്തിലേ അപ്പൻ മരിച്ച ദീനാമ്മയുടെ സ്ഥിരം ശത്രുവായിരുന്നു ആസ്ത്മ.ആ കാരണം കൊണ്ടു തന്നെയാണ് അമ്മച്ചി ശോശന്ന ആവതു ശ്രമിച്ചിട്ടും,ദീനാമ്മയ്ക്കൊരു നല്ലബന്ധം ശരിയാവാതെ പോയത്. അങ്ങനെ കാലം കടന്നു പോകെയാണ്,ഒരു തുലാവർഷ സന്ധ്യയ്ക്ക് തകർത്ത് പെയ്ത മഴയ്ക്കിടയിൽ താഴ്ന്നിറങ്ങി വന്ന ഒരിടിവാൾ ശോശന്നയെ പുണർന്നെരിച്ചത്..അതോടുകൂടി അനാഥയായിപ്പോയി ദീനാമ്മ.. പിന്നീടുള്ള രാത്രികളിൽ,ഒരുതുള്ളി ശ്വാസത്തിനായുള്ള ദീനാമ്മയുടെനിലവിളി കാറ്റിനേയും മഴയേയും കീറിമുറിച്ച് വെറുമൊരിടവഴിയ്ക്കപ്പുറമുള്ള കുട്ടൻ നായരുടെ ജനൽപ്പാളികളിൽ ചെന്നലച്ചു.തന്റെ കൈ പിടിച്ചു നടന്നിരുന്ന കൂട്ടുകാരി ഒരു വീടപ്പുറം രാവും പകലും നിറയുന്ന ഇരുട്ടിൽ ഒറ്റയ്ക്കുരുകുന്നത് അയാൾക്ക് സഹിയ്ക്കാനായില്ല.അങ്ങനെയാണ് കുട്ടൻ നായർ ദീനാമ്മയ്ക്ക് തുണയാകാൻ തീരുമാനിച്ചത് ..പിന്നെ ഇണയായതും.
പക്ഷെ ഇതൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിയ്ക്കുമോ? "എല്ലാം വെറുതെ പറയുന്നതല്ലേ ..ഇതസ്ഥിയ്ക്ക് പിടിച്ച പ്രേമമല്ലേ.. നമ്മളിതൊക്കെത്ര കണ്ടിരിയ്ക്കുന്നു .." ഇതാണ് നാട്ടുകാരുടെ പക്ഷം.
പക്ഷമേതുതന്നെയായാലും കുട്ടൻ നായർ ജീവിച്ചു..ദീനാമ്മയ്ക്കൊപ്പം തന്നെ..നീണ്ട ഇരുപത്തിനാല് കൊല്ലം..പണ്ടേ നിഷേധിപ്പട്ടം ചാർത്തിക്കിട്ടിയത് കൊണ്ട് കൈ വന്ന സ്വാതന്ത്ര്യത്തിന് ഒട്ടും കുറവ് വരുത്താതെ തന്നെ..
കെട്ടുകഴിഞ്ഞു രണ്ടാം മാസം മുതൽ തുടങ്ങിയ നാട്ടുകാരുടെ വിശേഷാന്വേഷണങ്ങൾ മരുന്ന് നിർദേശത്തിലേയ്ക്കും, ഉരുളി കമിഴ്ത്തലിലേയ്ക്കും കടന്ന് ഒടുവിൽ ദീനാമ്മയെ കുട്ടൻ നായരുടെ ചോറുണ്ട് കൊഴുക്കുന്ന,വെറും മച്ചിയായി ചാപ്പകുത്താനൊരുങ്ങിയ അഞ്ചാം വർഷത്തിലാണ് കുട്ടൻ നായർ അവർക്കെതിരെ തന്റെ അടുത്ത ശരം തൊടുത്തു വിട്ടത്. "അവൾക്കാണ് കേടെന്ന് ആരാടാ നിന്നോടൊക്കെ പറഞ്ഞത്? കൊഴപ്പം എന്റെയല്ലെന്നു നിനക്കൊക്കെ എന്താ ഇത്ര ഉറപ്പ് ?.." ചായക്കടയിലിരുന്നു കുട്ടൻ നായർ ഉറക്കെ പ്രസ്താവിച്ചു.കേട്ടവർ കേട്ടവർ വാ പൊളിച്ചു.പൊക്കത്തിനൊത്ത വണ്ണമുള്ള ,കൊമ്പൻ മീശയുള്ള കുട്ടൻ നായരുടെ ആണത്വം അന്നാട്ടിലൊരു ചോദ്യചിഹ്നമായി.
ഇങ്ങനെയൊക്കെ ദീനാമ്മയെ പ്രണയിച്ച,കാത്തു രക്ഷിച്ച കുട്ടൻ നായരാണ് ഒരു തുള്ളി കണ്ണുനീർ പോലുമൊഴുക്കാതെ നിൽക്കുന്നത് ..സഹിയ്ക്കുമോ നാട്ടുകാർക്ക് ??..ഒന്നാശ്വസിപ്പിയ്ക്കാമെന്നു വച്ചു വന്നാൽ അതിനൊരവസരം തരില്ലെന്ന് വച്ചാൽ .. "അല്ലെങ്കിലും കുട്ടൻ നായർ..അയാൾ ഇങ്ങനെയൊക്കെ തന്നെയാ..പണ്ടേ ഒരു നിഷേധി!!.." പിരിഞ്ഞു പോകുമ്പോൾ ജനം പിറുപിറുത്തു ..
ശനിയാഴ്‌ച, ഏപ്രിൽ 09, 2016
മടക്കം
ഒറ്റയ്ക്ക് പുറപ്പെടാൻ തീരുമാനിയ്ക്കുമ്പോൾ അതിത്ര മേൽ ദുർഘടമായ ഒരു യാത്രയാകും എന്നവൾ കരുതിയിരുന്നില്ല...ക്ഷീണം കാരണമായിരിയ്ക്കണം അവളൊന്നു മയങ്ങിപ്പോയി..ഉണർന്നപ്പോൾ വണ്ടി ചുരം കയറിത്തുടങ്ങിയിരുന്നു.മുടിയിഴകളെ പറത്തി ചുരം താണ്ടി വന്ന ശീതക്കാറ്റിൽ അച്ഛന്റെ മണമുണ്ടെന്നു തോന്നി സുമലത്യ്ക്ക് .
തീർത്തും സുതാര്യമായ ഒരു ബന്ധമാണ് തനിയ്ക്കും അച്ഛ്നുമിടയിൽ എന്നാണിത്രയും കാലം അവൾ കരുതിയിരുന്നത്..എന്നാൽ അച്ഛന്റെ ഭൂതകാലം തേടിയ ആ ദിവസങ്ങളിൽ ,അവളൊന്നുമല്ലാതാകുകയായിരുന്നു.. പ്രണയത്തിൽ കലാശിച്ച ഒരു സൗഹൃദം,അതേ തുടർന്നു നാട്ടിൽ കോളിളിക്കമുണ്ടാക്കിയ ഒരു ഒളിച്ചോട്ടം,ഒടുവിൽ താൻ പിച്ച വച്ചു നടന്ന..,തന്നെ താനാക്കിയ ആ മഹാനഗരത്തിന്റെ കാണാക്കയങ്ങളിലെയ്ക്കൊരു മുങ്ങാം കുഴിയിടൽ..അത്രയും മാത്രമേ തങ്ങളുടെ പൂർവകാലത്തെ കുറിച്ചു അമ്മയുമച്ഛനും പറഞ്ഞിട്ടുള്ളൂ, അഥവാ താൻ അറിഞ്ഞിട്ടുള്ളൂ....പറയാതെയും അറിയാതെയും പോയത് വലിയൊരു സങ്കടക്കടലായ് അവൾക്കു മുന്നിൽ തിരയടിയ്ക്കുന്നത് ഒരു നടുക്കത്തോടെ അതിലേറെ കുറ്റബോധത്തോടെ അവൾ തിരിച്ചറിയുകയായിരുന്നു..
തീർത്തും സൗമ്യനും സരസനുമായൊരാൾ..പരിമിതമായ സൗഹൃദങ്ങൾ....എന്നും അമ്മയുടെ നിഴലിലലിഞ്ഞു ചേർന്ന രൂപം, അതായിരുന്നു അവൾക്കച്ഛൻ.. പഴങ്കഥകളുടേയും പാട്ടുകളുടെയും ഒരു പെരുംഭാൺഡവും പേറി അച്ഛൻ അവളുടെ ബാല്യവും കൗമാരവും ഒരുത്സവമാക്കി മാറ്റി. പക്ഷേ ഏറ്റവും സന്തോഷകരമായ ഒരു ബാല്യത്തിലൂടെ താൻ കടന്നു പോകുമ്പോൾ എല്ലാ വാതിലുകളുമടച്ചച്ഛൻ തേങ്ങുകയായിരുന്നോ? തന്നെ പാടിയുറക്കിയിരുന്നോരാ നാട്ടുശീലുകൾക്കിടയിലൂടച്ഛൻ പറയാതെ പറഞ്ഞത് സ്വന്തം കഥയായിരുന്നോ?
സ്വന്തം ജീവിതം അവൾക്കു മുന്നിൽ കണ്ണുകെട്ടികളിച്ചു..
ഈയിടെയായി അച്ഛനിൽ പടരുന്നോരസ്വസ്ഥത സുമലത അറിയാതിരുന്നില്ല...പൊതുവെ അന്തർമുഖനായ അച്ഛനിൽ പതിവില്ലാത്ത വിധം വിഷാദം കൂടുകൂട്ടുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.അമ്മയുടെ ആകസ്മിക മരണം സൃഷ്ടിച്ച കടുത്ത ഏകാന്തതയായിരിക്കും കാരണമെന്ന് കരുതി അവൾ.എന്നാൽ അച്ഛനെ കടപുഴക്കിയെറിയാൻ പാകത്തിൽ ഒരു ചുഴലിയാണുള്ളിൽ രൂപം കൊള്ളുന്നതെന്നറിഞ്ഞില്ല...
വഴി ചോദിച്ചു മനസ്സിലാക്കി,ഇടവഴി താണ്ടി വയലിലേയ്ക്കിറങ്ങുമ്പോൾ അവളോർത്തു,അച്ഛന്റെ കാൽ പതിഞ്ഞ നടവരമ്പുകൾ.... വിയർപ്പടർന്നു വീണ മണ്ണ്..ഈ മണ്ണിൽ പെയ്ത മഴയിലൊരുകാലം അച്ഛനാവോളം നനഞ്ഞിരുന്നു..
അവളറിഞ്ഞു അച്ഛനൊരു വികാരമായി ധമനികളിൽ നിറയുന്നത് ..സിരകളിൽ പടരുന്നത്..
സന്ധ്യ വീണു ചുവന്ന ആ പാടം മുറിച്ചു കടന്നക്കരെയെത്തിയപ്പോൾ സുമലത കണ്ടു അങ്ങേ അറ്റത്തെ ആൽമരച്ചോട്ടിലെ പരിചിതമായ ആ നിഴലനക്കം..
"അച്ഛൻ" ചുണ്ട് വിതുമ്പി അറിയാതെ ..
എന്ത് പറയണമെന്നറിയാതെ സുമലത മുന്നിൽ ചെന്നു നിന്നപ്പോൾ മുഖമുയർത്തി,ചിരിച്ചെന്നു വരുത്തി.. പിന്നെ പരീക്ഷയിൽ തോറ്റ കുട്ടി പലയാവർത്തി മനസ്സിൽ പറഞ്ഞുറപ്പിച്ചു പറയും പോലെ നിസ്സംഗനായി അവളുടെ കണ്ണുകളിലേയ്ക്കുറ്റുനോക്കിക്കൊണ്ടയാൾ പറഞ്ഞു ..
"നീ തേടി വന്ന ശിവശങ്കരപ്പണിയ്ക്കരല്ല,കുഞ്ഞേ ഞാൻ .. ഈ മണ്ണിൽ പണ്ട് സ്വർണം വിളയിച്ച.., നിന്റെ അമ്മവീട്ടുകാരെ പന്ത്രണ്ടടി അകലത്തിൽ നിന്ന് മാത്രം കണ്ടിരുന്ന..,കേളന്റേയും ചിരുതയുടേയും മകൻ ശംഭുവാണു ഞാൻ .."
ആട്ടം കഴിഞ്ഞ് ഒരു കഥകളി നടൻ ചായവും ചമയവുമഴിയ്ക്കും പോലെ അവൾക്കു മുന്നിൽ അയാൾ താനിത്ര നാൾ കെട്ടിയാടിയൊരു വേഷം അഴിച്ചു വച്ചു .പത്തു നാൽപ്പതു വർഷങ്ങൾക്കപ്പുറത്തെന്നോ തഴുതിട്ടടച്ച ഒരു ഇരുമ്പു വാതിൽ തള്ളി തുറന്നയാൾ പുറത്തിറങ്ങി..സ്വാതന്ത്ര്യത്തിലേയ്ക്ക്..മുറിവേറ്റ സ്വത്വ ബോധത്തിലേയ്ക്ക് ..
തന്റെ ഓർമകൾക്ക് മേലെ ഒരു മണൽക്കാറ്റ് വീശിയടിയ്ക്കുന്നത് സുമലത യറിഞ്ഞു
അവൾ പതിയെ അച്ഛനരികെയിരുന്നു..കൈകൾ ചേർത്തു പിടിച്ച് ,ആ തോളിൽ തല ചായ്ച്ച്,തൊണ്ടയിടറാതിരിയ്ക്കാൻ ആവത് പണിപ്പെട്ട് പറഞ്ഞു..
"അച്ഛാ... ഞാൻ..ഞാനീ ശംഭുവിന്റെ മകളാണ്...,സുമലത..."
ഒരു ഊഷരകാലത്തിന്നോർമ്മ മുഴുവൻ മായ്ച്ച് അച്ഛന്റെ ഉള്ളിൽ പെയ്യുന്ന മഴയിൽ താനും നനയുന്നത് സുമലതയറിഞ്ഞു.
ബുധനാഴ്‌ച, ഏപ്രിൽ 06, 2016
കാലം..കണ്ണാടി..
ചുണ്ട് കൂർപ്പിയ്ക്കും,ബാല്യം...
എനിയ്ക്കൊരു മഷിത്തണ്ടു വേണംനീയെന്റെ കറുത്ത സ്ലേറ്റിൽ കോറിയിട്ട
വെളുത്ത തോന്ന്യാക്ഷരങ്ങൾ മായ്ക്കാൻ ...
പൂത്തു ചുവക്കും,കൗമാരം...
എനിയ്ക്കൊരു മഴവില്ല് വേണംഎന്റെ മനസ്സിലെ നിന്റെ ചുവരെഴുത്തുകൾ
പുതുവർണ്ണം വീശിയൊളിപ്പിയ്ക്കാൻ..
കുതിര വേഗം,യൗവ്വനം...
എനിയ്ക്കൊരു രക്തപുഷ്പം വേണംനിന്റെ 'വിധിയെ' ചെറുത്തെന്റെ
തലവര മായ്ക്കാൻ..
വെയിൽപ്പടവിറങ്ങും,മദ്ധ്യാഹ്നം...
എനിയ്ക്കൊരു തൂവാല വേണംനീ പാറ്റിയോരാ പതിരിൻ ധൂളി പാറി
കലങ്ങിയോരെൻ,മിഴി തുടച്ചീടുവാൻ
വാതിൽ വലിച്ചടയ്ക്കും,വാർദ്ധക്യം...
എനിയ്ക്കൊരു തുണ്ടു പഞ്ഞി വേണംനീ മുനയാഴ്ത്തിയ വാക്കിന്റെ
വക്കേറ്റിറ്റുന്ന രക്തമൊപ്പി മറയ്ക്കാൻ