ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2022

കാട്

 ഒരു വിത്ത്

കാറ്റിൽ പാറി വന്നതോ

ജന്മപാശത്തിൻ ചുറ്റുഗോവണി താണ്ടി, 

തേടി വന്നതോ 

പുണ്ണെങ്കിലും മനസ്സിൽ പുതഞ്ഞു

ചാല് കീറിയെത്തിയതു-

പ്പുവെളളമെങ്കിലും തളിർത്തു 

പിന്നെ, ഇലയായി,ചെടിയായി,

പൂവായി നിറവായി

പതിയെ, പതിയെ തുടർച്ചകളായി..

മനസ്സ് നിറഞ്ഞ്, ദേഹം കവിഞ്ഞ്,

ഞാനൊരു കൊടുംകാടായി!!

ഇപ്പോൾ 

ആകാശമില്ലാ, വെളിച്ചമില്ലാ, 

വഴിയുമില്ലാ, ഇരുട്ടാണ് സർവ്വം!

ഒരു തുള്ളി തീ പോലും നിലാവെട്ടം! 

തമസ്സിലക്ഷി ചുഴറ്റിയവിരാമം 

തേടുവതൊരു തീക്കൊള്ളി

ചുവന്നു കത്തി ഭസ്മമാകാൻ ,

അണയും മുൻപേയെങ്കിലുമൊന്നാളാൻ!!







 










വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2021

കൂടൊഴിഞ്ഞ പക്ഷി

 ഞാനൊഴിഞ്ഞുപോയ വീട്ടിൽ

 ബാക്കിയാവുന്നതെന്തായിരിയ്ക്കും? 

ഞാൻ പൊഴിച്ച പടം പോൽ 

പൊള്ളിയടർന്ന ചുവരിൻ ചർമ്മമോ?

ചലിയ്ക്കാത്ത പേശികളും ,

സൂര്യനസ്തമിച്ച കണ്ണുകളുമായി 

അതിൽ തൂങ്ങും മുഖചിത്രമോ?

ഞാനൂരിയെറിഞ്ഞ ലോഹവളയങ്ങളോ?

എഴുതി നിറച്ചിട്ടും എടുക്കുവാൻ മറന്ന 

പ്രണയ പുസ്തകമോ?

അതോ..

എൻ്റെ ഓർമ്മകൾക്കു മീതെ പരക്കുവാൻ

നീ തെളിച്ച ചന്ദനത്തിരി ഗന്ധമോ?!