ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

അപരിചിതൻ

നിന്നെ പൊതിഞ്ഞു തെളിഞ്ഞിരുന്ന
വിശുദ്ധിയുടെ വെള്ളിവെളിച്ചമണഞ്ഞിരിയ്ക്കുന്നു..
കടലുറഞ്ഞിരുന്ന നിന്റെ മിഴികളുടെയാഴത്തില്‍,
സര്‍വ്വം നശിപ്പിയ്ക്കുന്ന അഗ്നിയുണര്‍ന്നിരിയ്ക്കുന്നു..
നിന്റെ വിചാരങ്ങളുടെ നിര്‍മ്മലതയില്‍,
വികാരങ്ങളുടെ രക്തക്കറ പുരണ്ടിരിയ്ക്കുന്നു..
നിന്റെ വാക്കുകള്‍ക്കിടയിലെ മൗനത്തില്‍
അശാന്തിയുടെ നിഴല്‍പ്പാമ്പുകളിഴയുന്നു..
അധരങ്ങളിലമരുന്ന പുഞ്ചിരിയ്ക്കൊടുവില്‍,
മൃഗതൃഷ്ണയുടെ വിഷമിറ്റുന്നു..
നിനക്കു ഞാന്‍ ചാര്‍ത്തിത്തന്നിരുന്ന പരിവേഷങ്ങള്‍
ഒന്നൊന്നായി അഴിഞ്ഞു വീണിരിയ്ക്കുന്നു..
ചെങ്കോലും കിരീടവുമില്ലാതെ,
ആടകളും അലങ്കാരവുമില്ലാതെ,നീ നില്‍ക്കുന്നു..
നിന്നെ ഞാനറിയില്ല,
ഈ മുഖം എനിയ്ക്കു പരിചിതമല്ല,
നീയേതോ അപരിചിത,വഴിപ്പോക്ക!!