വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

പാഴ്ജന്മം

മണ്‍ചിരാതിലെ എണ്ണ വറ്റുമ്പോഴും
തിരി ആളിക്കത്തിയിരുന്നു...
അണഞ്ഞു പോയാല്‍ പരക്കുന്ന
കനത്ത അന്ധകാരത്തിലകപ്പെടുന്ന
വിളര്‍ത്ത ജന്മങ്ങളെയോര്‍ത്ത്,
തിരി ആളിക്കത്തിയിരുന്നു..
ചിരാതു വറ്റി വരണ്ടപ്പോഴും
തിണര്‍ത്ത ഞരമ്പുകളിലെ
ജീവനൂറ്റിയെടുത്ത്,
തിരി അണയാതെരിഞ്ഞു..
പക്ഷെ,
തിരിയുടെ ആത്മനൊമ്പരമറിയാതിരുന്നവര്‍,
പടുതിരിയാളുന്നത് അപശകുനമാണെന്നറിഞ്ഞവര്‍,
തല്ലിക്കെടുത്തിയത് ഇത്തിരിവെട്ടത്തെ മാത്രമല്ല,
ഒരു പാഴ്ജന്മം കാത്തുവച്ച
സ്നേഹമന്ത്രങ്ങളെക്കൂടിയായിരുന്നു...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

തർപ്പണം

ശിവഗംഗ ശാന്തയായൊഴുകുന്നു...
പാപഭാരം മുഴുവനൊഴുക്കി മുങ്ങിക്കയറുമ്പോള്‍,
സിരകളില്‍ ഓര്‍മ്മയുണരുന്നു...                                                  
ആ തീപ്പടര്‍ച്ചയില്‍,
നനവാര്‍ന്ന ഭൂതകാലത്തെരുവില്‍
ഞാന്‍ തനിയെ നില്‍ക്കുന്നു..



തീര്‍ത്ഥം വറ്റിയ തൊണ്ടയുമായി,
ഉമ്മറക്കോലായിലെ ചാരുകസേരയില്‍,
അച്ഛന്‍ ശബ്ദത്തിനായി കിതയ്ക്കുന്നു..
ചെളിപിടിച്ചിരുണ്ട പൂണൂലില്‍,
വിരലുകള്‍ മന്ത്രം ജപിയ്ക്കുന്നു..
പൊട്ടിയടര്‍ന്ന അടുക്കളനിലത്ത്,
അമ്മ നേദ്യച്ചോറു പങ്കിടുന്നു..
ഇളയവളെനിയ്ക്ക്,ഒരുരുള കൂടുതല്‍..
പാല്‍ വറ്റിയ മാറത്ത്,
എനിയ്ക്കു നേരെ ത്രസിയ്ക്കുന്ന സ്നേഹം!!
പക്ഷെ ,
ഒഴിഞ്ഞ വാഴയിലയില്‍
അവസാനത്തെ വറ്റു പരതുന്ന എന്റെ മിഴികളില്‍,
വിശപ്പു മാത്രം!!
ദ്രവിച്ച കഴുക്കോലുകള്‍ക്കടിയിലെ ദരിദ്രജീവിതം
കണ്ടു കൊതിച്ചത്,
വാതില്‍പ്പുറത്തെ വെള്ളിവെളിച്ചം..
കാണാതെ പോയത്,
മാതാവിന്റെ മിഴികളില്‍ തളം കെട്ടിനിന്ന
സ്നേഹത്തിന്റെ ലവണകുംഭം!
കേള്‍ക്കാതെ പോയത്,
രോഗം കാര്‍ന്ന തൊണ്ടയില്‍,
ശ്വാസം മുട്ടിപ്പിടച്ച പിതൃവാത്സല്യം!
അറിഞ്ഞത്, മെയ്യില്‍പ്പടര്‍ന്ന തീ മാത്രം!!!



എന്റെയൊരുരുള ചോറിനായി
കാലെമേറെ കാത്തിരുന്ന നിങ്ങള്‍ക്ക്
ഇന്നീ കാശിയുടെ പടവുകളില്‍,
എന്റെ ബലിതര്‍പ്പണം..
ഇതെന്റെ പ്രയശ്ചിത്തത്തിന്റെ മിഴിനീരുരുള..
കൊത്തിയെടുത്തെന്റെ തെറ്റുകുറ്റങ്ങള്‍ പൊറുക്കുക..



മനസ്സിലെ അഗ്നിയില്‍,
ഗംഗയുടെ പുണ്യം തളിച്ച്,
ആകാശച്ചെരുവില്‍ രണ്ടു നിഴല്‍ക്കാക്കകള്‍!
തലയ്ക്കു മീതെ വട്ടം വച്ച് പറന്നിറങ്ങിയവയിലൊന്ന്
ചുണ്ടുകള്‍ പിളര്‍ത്തി,കരയുവാനാകാതെ,
ദീനമായെന്നെ നോക്കുന്നു..
ഞാനറിയാതെയെന്നധരങ്ങള്‍

 വിതുമ്പുന്നു,"അച്ഛൻ ..."  

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

സ്വപ്നാവശിഷ്ടം

പ്രണയം പറയാത്ത രാവുകള്‍ക്കു വിരാമമിട്ട്,
അയാളവളോട് പ്രണയം മൊഴിഞ്ഞു..
ചേര്‍ത്തണച്ച് കൈക്കരുത്തില്‍ താരാട്ടി..
ആലിംഗനങ്ങളില്‍ ഹൃദയം പകുത്തു..
അഴിഞ്ഞുലഞ്ഞ വാര്‍മുടിക്കാടിനടിയില്‍
സ്വയമൊളിച്ചു..
അയാളൊരു തീപ്പിടിച്ച വേനല്‍ക്കാടായി...
വേനല്‍ പൊള്ളിച്ച വാകപോല്‍ ചുവന്നൂ അവള്‍...


എന്തോ പൊട്ടുന്ന ശബ്ദത്തില്‍
ഒരോര്‍മ്മത്തെറ്റുപോല്‍ ഞെട്ടിപ്പിടഞ്ഞുണരവേ ,
ജാലകവിടവിലൂടവള്‍ കണ്ടു
തെക്കേ പറമ്പില്‍ ആളുന്ന ചിത..
നിറുകയില്‍  അമ്മയുടെ വിതുമ്പുന്ന വിരലുകള്‍...
മിഥ്യയെ പുഴക്കിയെറിഞ്ഞ് സത്യം കണ്ണില്‍ ഇരുട്ടു കുത്തവേ
അവളോര്‍ത്തു,
പ്രണയവും മരണവും ഇടകലര്‍ന്ന പോല്‍
ചുവപ്പും നീലയും  ആടിയ തീ!
ചിതയില്‍ ചേര്‍ന്നു പൊട്ടിയതെന്തവാം,
പറയുവാന്‍ ബാക്കിവച്ച പ്രണയമോ?
 

പിൻവിളി

 ഇല്ല,നിലച്ചിട്ടില്ല !

ശ്വാസം മിടിക്കുന്നുണ്ട്‌ ..

ഇടനെഞ്ചിലെവിടെയോ

താളം തെറ്റിയ കിതപ്പുണ്ട്..

ഇമകള്‍ക്കിടയില്‍

സ്വപ്നങ്ങളുടെ മര്‍മ്മരം !

അധരങ്ങളില്‍ ,   

പറയാന്‍ ബാക്കിവച്ച വാക്കുകളുടെ വിതുമ്പല്‍ !

ശീതരക്തം അടക്കിപ്പിടിച്ച ഇളംചൂട്

കൈവെള്ളയില്‍ പടരുന്നുണ്ട് ..

ഒഴുകിപ്പടര്‍ന്ന നീല നിറത്തിന്നു മീതേ

വിളര്‍ത്ത വെളുപ്പിന്റെ ആധിപത്യം !

വിരല്‍ത്തുമ്പില്‍  സ്പര്‍ശനാഡികള്‍ പിടയുന്നുണ്ട്‌..

തലച്ചോറില്‍ ഇരുട്ട് കീറിയെത്തുന്ന  മിന്നല്‍!!

ഉണരുക! ഉണരുക! 

അന്ധകാരത്തിന്റെ  നിഴല്‍പ്പാടുകളില്‍   നിന്നും 

നീ ഉണര്‍ന്ന് എണീക്കുക!

നിന്റെ ജീവന് കാവലായ് ,

എന്റെ കനലെരിയുന്ന മിഴികളുണ്ട്‌!!!!!!  


ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ആഹുതി

ഭോഗതൃഷ്ണകളുടെ ആഴക്കയങ്ങളില്‍
തലയറഞ്ഞു വീഴവേ,
ശബ്ദം വറ്റിയ തൊണ്ടയില്‍
സുഖത്തിന്റെ വഴുപ്പൂറവേ,
ചിന്തയുടെ തീനാമ്പുക‍ള്‍ക്കശ്രുപൂജ ചെയ്ത്
ഞാന്‍ നിന്റെ കമ്പിളിയ്ക്കകത്തഭയം തേടി..


രക്തം വറ്റിയ മിഴികളിലെ ഞരമ്പില്‍ പടരുന്നതു
നീലവിഷമാണെന്നറിഞ്ഞിട്ടും,
പുറത്തെ മഞ്ഞിലും
വിയര്‍ക്കുന്ന സ്വപ്നങ്ങളുണ്ടെന്നോര്‍ത്തിട്ടും,
നിന്റെ നെഞ്ചിന്‍ ചൂടിലേയ്‌ക്കമര്‍ന്നൂ ഞാന്‍..


ഹൃദയഭിത്തികള്‍ തകര്‍ത്ത്
നീ എന്റെ തലച്ചോറിലുഷ്ണമാകുമെന്നും,
ചവിട്ടി നില്ക്കുന്ന മണ്ണിലെ രക്തം
കാലടികളില്‍ പാപക്കറ തീര്‍ക്കുമെന്നും,
കണ്ഠത്തിലമര്‍ന്ന നിന്റെ നഖങ്ങള്‍
എന്റെ നൂല്‌പ്പാതയില്‍ കമ്പനങ്ങളുതിര്‍ക്കുമെന്നും,
ഞാന്‍ അറിഞ്ഞിരുന്നു..

എന്നിട്ടും,
തലമുറ പകര്‍ന്നു നല്‍കിയ
ജീവചൈതന്യമെല്ലാം ഹവിസ്സായര്‍പ്പിച്ച്,
കേവലഹര്‍ങ്ങളുടെ ഹോമകുണ്ഠത്തില്‍
ജന്മഹോമം നടത്തി,
ഒരു പിടി വെറും ചാരമായ്‌ത്തീര്‍ന്നു ഞാന്‍!!!