വെള്ളിയാഴ്‌ച, ജനുവരി 27, 2017

എഴുത്ത്

നിർത്തിയാലോ ? ...
പലകുറി ചിന്തിച്ചു .
നിർത്തി !
പലകുറി തീരുമാനിച്ചു.

നിർത്തിയപ്പോൾ,
കൈ വിറച്ചു ..
കാൽ കുഴഞ്ഞു ..
കണ്ണ് ചത്തു ..

പാലു കല്ലച്ച അമ്മമാരെപ്പോൽ,
നെഞ്ച് കടഞ്ഞു നിലവിളിച്ചു ..
അടക്കാനാളില്ലാത്ത ശവം പോൽ
വെളിമ്പറമ്പിൽ മനസ്സളിഞ്ഞു ..

കൈ പേന തേടി,
പേന മഷി തേടി ,
വറ്റും വരെയൊഴുകും...
എന്നക്ഷരം  കടുപ്പിച്ചു!! 

ചൊവ്വാഴ്ച, ജനുവരി 24, 2017

നിഴൽപ്പാടുകൾ

"ഇതെനിയ്ക്കൊട്ടും ചേരില്ലമ്മേ ..."

ഞാൻ വാങ്ങിക്കൊണ്ടു വന്ന ചുവന്ന കല്ലുമാലയിട്ട് കണ്ണാടി നോക്കിക്കൊണ്ടവൾ പറഞ്ഞു..

"ഇതൊക്കെ നല്ല നിറമുള്ളവർക്കേ ചേരൂ.." അവൾ സങ്കടപ്പെട്ടു..

"ആരാ നിനക്കീ  വക വിഡ്ഢിത്തങ്ങൾ പറഞ്ഞു തരുന്നേ?.."
കണ്ണാടി ചില്ലു കൊണ്ട് മുറിഞ്ഞ മനസ്സിന്റെ പോറൽ മറയ്ക്കാനെന്നവണ്ണം ഞാൻ അവളോട്‌ ദേഷ്യപ്പെട്ടു..

" കറുപ്പും വെളുപ്പുമൊന്നുമല്ല ഭംഗി നിശ്ചയിക്കുന്നത്..കാണുന്നവന്റെ കണ്ണിലാണ് ഭംഗി .."
ഞാൻ പഴയ കവി വചനം ഉരുവിട്ട് കൊണ്ടവളെ  ചേർത്ത് പിടിച്ചു..
"എന്റെ കുട്ടി സുന്ദരിയാണ്.."
അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ, കൺകോണിൽ  തുളുമ്പി നിന്ന നീർത്തുള്ളി  തിളങ്ങി ..

എത്ര ചെറുപ്പത്തിലേ അവൾ കറുപ്പിനെ വെറുത്തു തുടങ്ങി,വെളുപ്പിനെ പേടിച്ചും ആരാധിച്ചും തുടങ്ങി എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചു.. ടിവി പരസ്യങ്ങളിലൂടെ,പത്രത്താളുകളിലൂടെ ,വഴിയരികിലെ കണ്ണഞ്ചിപ്പിക്കുന്ന ബോർഡുകളിലൂടെ, പടിഞ്ഞാറു നിന്ന്, വടക്കും കടന്നു ഇങ്ങു  തെക്കിരിയ്ക്കുന്ന എന്റെ കിടപ്പുമുറിയിലേക്ക് വരെ കൈകൾ  നീട്ടുന്ന വെളുപ്പിന്റെ അധിനിവേശം എന്നെ കുറച്ചോന്നുമല്ല  അസ്വസ്ഥയാക്കിയത്..എന്തിനെന്നറിയാതെ  കലുഷിതമായ മനസ്സു ചികഞ്ഞ്, ഞാൻ കാരണം നുള്ളിയെടുക്കാൻ ശ്രമിയ്‌ക്കേ , ആഴ്ന്നാഴ്ന്നു പോകുന്ന ഒരു മുള്ളിന്റെ വേദന ഉടലാകെ പടർന്നു..

ഉറങ്ങാൻ കിടക്കുമ്പോൾ പതിവായ  കഥ പറച്ചിലിന്നവസാനം ഞാൻ അവളോട്‌ പറഞ്ഞു ..
"നിനക്കറിയുമോ കുഞ്ഞേ .., കറുപ്പ് എല്ലാ വർണങ്ങളേയും സ്വാംശീകരിയ്ക്കുമ്പോൾ,എല്ലാ നിറങ്ങളെയും ഉൾക്കൊള്ളുമ്പോൾ,വെളുപ്പ് എല്ലാത്തിനെയും പുറം തള്ളുന്നു..നിറമില്ലായ്മയാണ്  വെളുപ്പ്... കറുപ്പോളം  ആഴമുള്ള മറ്റൊരു നിറമുണ്ടോ? കാട്  പോലെയാണ് കറുപ്പ് ..അതിൽ പടരുന്ന തീ പോലെയാണ് ചുവപ്പ്..."
മനസ്സിലായിട്ടോ എന്തോ അവൾ ഒന്നു  മൂളി.., പിന്നെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു..
ഒന്നിനെ നല്ലതെന്നു പറയാൻ, മറ്റൊന്നിനെ  എന്തിനു ചീത്തയെന്നു പറയണമെന്ന ചിന്തയിൽ സ്വയം ചുറ്റിത്തിരിഞ്ഞൊടുവിൽ പാതിമയക്കത്തിലേക്ക് മനസ്സൂളിയിടുമ്പോഴാണ് ,ചുവപ്പും  വെള്ളയും പെയിന്റടിച്ച പടിവാതിൽ   തള്ളിത്തുറന്നു കൊണ്ട്  പൊടുന്നനെ അവർ കയറി വന്നത്...
               
       'ചിരിയ്ക്കണ  തള്ള ..'തീരെ മയമില്ലാത്ത പേരാണെങ്കിലും അതാണ് ഞങ്ങൾ അവരെ വിളിച്ചിരുന്നത് .ഞങ്ങൾ എന്നാൽ ഞാൻ അടങ്ങുന്ന ഞങ്ങൾ, കുട്ടികൾ..ഒരു ഭിക്ഷക്കാരി അതിൽ കൂടുതൽ ബഹുമാനമൊന്നും അർഹിയ്ക്കുന്നുണ്ടെന്ന്  അന്ന് ഞങ്ങൾ കരുതിയിട്ടില്ല. തീരെ മാംസളമല്ലാത്ത ശരീരം ഒരു മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ് കെട്ടി,കണ്മഷിയെ തോൽപ്പിയ്ക്കുന്ന ഉടൽകറുപ്പിൽ ഒരു ചുവന്ന കല്ലുമാലയിട്ട്, തോളിൽ  ഭാണ്ഠവുമായി അവർ പതിവായി ഞങ്ങളുടെ പടി  കടന്നു വന്നു..ആരോ വരച്ച ലക്ഷ്മണ രേഖ കണ്ടിട്ടെന്ന പോലെ സ്ഥിരമായി പ്ലാവിനും തൊഴുത്തിനുമിടയിൽ ചിരിച്ചു കൊണ്ടവർ നിന്നു ..തൊലിപ്പുറങ്ങളിൽ ഭൂതകാലം ഭൂപടം വരച്ച വേനലിന്റെ കനൽപ്പുള്ളികളേയും ,നീളത്തിൽ കീറിയിട്ട കണ്ണീർമഴച്ചാലുകളേയും  അവർ  തന്റെ വെറ്റിലക്കറ  പുരണ്ട, അരികു പൊട്ടി അറ്റം കൂർത്ത പല്ലു കാട്ടിയുള്ള ചിരിയാൽ വെല്ലു വിളിച്ചു....അഞ്ചു പൈസയോ, വല്ലപ്പോഴും കുടിയ്ക്കാൻ ഒരൽപ്പം കഞ്ഞി വെള്ളമോ കയ്യിലെ തൂക്കുപാത്രത്തിൽ വാങ്ങി, ഒരു പായാരവും പറയാതെ  ചിരിച്ചു കൊണ്ടവർ പടി  കടന്നു പോയി ..അപ്പോൾ  ഞങ്ങൾ അവരുടെ  കഴുത്തിൽ കിടന്നു ചിരിച്ചിരുന്ന  ചുവന്ന കല്ലുമാലയുടെ ചേർച്ചക്കുറവിനെ കുറിച്ച്,അവരുടെ ഒരിയ്ക്കലും തീരാത്ത, എന്തിനെന്നു ഞങ്ങൾക്കന്ന്  തിരിച്ചറിയാനാകാതെ പോയ  ചിരിയെ കുറിച്ച്‌ പതിവായി അടക്കം പറഞ്ഞു ചിരിച്ചു..

ഒരുപാടാണ്ടുകൾ കവിഞ്ഞൊഴുകി ,അവരെന്റെ മുന്നിൽ വന്നു നിന്നു..തെളിമയോടെ ചിരിച്ചു..തന്റെ ചുവന്ന കല്ലുമാല ഇനിയും പൊട്ടിയിട്ടില്ലെന്നോർമിപ്പിച്ചു..പിന്നെ പതിയെ ഇരുട്ടിലലിഞ്ഞലിഞ്ഞി ല്ലാതെയായ് ..

കറുപ്പിന്റെ ചേർച്ചക്കുറവുകളുടെ പഴക്കത്തിൽ നടുങ്ങിയിട്ടെന്നവണ്ണം പെട്ടന്ന് മനസ്സ് മയക്കം വിട്ടുണർന്നു...അരികെ കിടന്നുറങ്ങുന്ന കുഞ്ഞു മുഖത്തേയ്ക്കു നോക്കിയപ്പോൾ അറിയാതെ തല താഴ്ന്നു ..ഏറെ ആഴ്ന്നുപോയൊരു മുള്ളിന്റെ വേദനയിൽ നിന്നും ആ  കുഞ്ഞു മനസ്സിനെ വേർപെടുത്തേണ്ടതെങ്ങനെയെന്നറിയാതെ  ഞാൻ നിർന്നിമേഷയായിരുന്നു..

ബുധനാഴ്‌ച, ജനുവരി 04, 2017

ദിക്കറിയാ നൊമ്പരങ്ങൾ

സങ്കുചിതമാണെന്റെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..
ഒരു മഴക്കാടിന്നിരമ്പമുണ്ടെന്നാകിലും,
ഒരു തിരത്തള്ളലിൻ വേഗമാർജ്ജിയ്ക്കിലും,
സങ്കുചിതമാണെൻറെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ മുൾപ്പടർപ്പ് ..

ഒരു പൊട്ടു ചായത്തിൻ  ചിരിമെഴുകി
ഞാനെന്റെ നടുമുറ്റം ചന്തം പൊലിപ്പിക്കിലും,
ജലരാശി തേടിപ്പായുമെന്നടിവേര്‌ മുളപൊട്ടി,
നെടുകെ പിളർക്കുന്നതിൻ  മണ്പുറങ്ങൾ..
സങ്കുചിതമാണെന്റെ നൊമ്പരങ്ങൾ
സങ്കീർണമാണതിൻ  മുൾപ്പടർപ്പ്..