ഞായറാഴ്‌ച, നവംബർ 17, 2013

തിരസ്കൃതർ

നിനക്കു പ്രണയം നിഷിദ്ധം!
നീ ചുവന്നതെരുവുകളിലെ
നീലരാവുകളുടെ കാവല്‍ക്കാരി!!


നിനക്കു മാതൃത്വം നിഷിദ്ധം!
അരച്ചാണ്‍വയറിന്നായ്
നീ വിറ്റത് നിന്‍ ഗര്‍ഭപാത്രം!!


നിനക്കു സഹതാപം നിഷിദ്ധം!
നിന്റെ കണ്ണുകളില്‍ കാമാഗ്നി,
നിന്റെ വാക്കുകള്‍ക്കു വിഷച്ചൂര്!!


നിന്നെയിവര്‍ കല്ലെറിയും!
നിനക്കു പാദാശ്രുപൂജ ചെയ്യാന്‍,
നിന്റെ കുമ്പസാരങ്ങളേറ്റു വാങ്ങാന്‍,
ഇന്നിവിടെ ദൈവപുത്രരാരുമില്ല!!


ബുധനാഴ്‌ച, നവംബർ 06, 2013

ജലസ്പർശം


ഓടിന്‍ പാളിയിലൂടിറ്റു
വീഴുമിറവെള്ളത്തില്‍
കടലാസു തോണിയിറക്കിയ
മണമോലുമോര്‍മ്മയാണ്
ബാല്യത്തില്‍ ജലം!


വാഴക്കൂമ്പിലെ തേന്‍ നുകരും കൗമാരത്തില്‍
മനസ്സു പൂക്കെ പ്രണയമായ് പൊഴിഞ്ഞ
അമൃതവര്‍ഷിണിയാണു ജലം!


വിട പറഞ്ഞകലവേ,
പുകയൂതി തളര്‍ന്ന മുഖവുമായ്
അമ്മ മൂര്‍ദ്ധാവില്‍ മുകരും വാത്സല്യധാര
ചുണ്ടില്‍ പടര്‍ത്തും
ബാഷ്പരസമാണു ജലം!


മധ്യാഹ്നസൂര്യന്‍ ഉച്ചിയിലെരിയവേ
ഇണയൊരു തണലായ് ചിറകു വിരിയ്ക്കും,
ഒന്നുമില്ലൊന്നുമില്ലെന്നു
ചേര്‍ത്തണച്ചൊന്നായൊഴുകും
വേനല്‍പ്പുഴയായ് ജലം!!


മോക്ഷം തേടിയലയും സായന്തനത്തില്‍
ഓര്‍മ്മകളടക്കം ചെയ്തൊഴുക്കും ഗംഗയായ്,
അവസാനമായാരോ ചുണ്ടിലിറ്റിയ്ക്കും
ഒരു തുള്ളി തുളസീതീര്‍ത്ഥമായ് ജലം!!


ജലസ്പര്‍ശം ഉടല്‍ മുഴുവന്‍,
ജന്മം നീളേ...


ചൊവ്വാഴ്ച, ഒക്‌ടോബർ 29, 2013

യാത്രാമൊഴി

അടര്‍ത്തുന്നു നിന്നെ ഞാന്‍ പ്രാണനില്‍ നിന്നുമെ‍ന്‍
ജീവന്റെ നാഡികള്‍ പിടയുന്നുവെങ്കിലും,
ഒരു മാത്ര പോലും മടിയ്ക്കാതെ
നീ നിന്റെ തീരങ്ങള്‍ തേടി പറന്നുകൊള്‍ക!


വാക്കുകള്‍ കൊണ്ടു നീ കോറി വരയ്ക്കുമ്പോള്‍
ചീറ്റിത്തെറിയ്ക്കുന്ന തുള്ളി രക്തത്തിലും,
ഓര്‍ത്തു വയ്ക്കുന്നു നിനക്കായി പുഷ്പങ്ങള്‍
കടലാസുപൂക്കളെന്നോതി നീ പോകിലും!


സൂര്യനെ മോഹിച്ചു കാതങ്ങള്‍ താണ്ടുപോള്‍
ഈ നെയ്ത്തിരി വെട്ടത്തിന്‍ നാളം മറക്കായ്ക!
അണയാതെയെരിയുവാന്‍ നീറിപ്പിടയുമീ
പാഴ്ത്തിരിവെട്ടത്തെ തല്ലിക്കെടുത്തായ്ക!!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 29, 2013

ഒരു മുത്തശ്ശിക്കഥ

മരണമെന്നത്,
എനിയ്ക്ക്
മുത്തശ്ശിയുടെ, താളമയഞ്ഞ ഊര്‍ദ്ധ്വന്‍വലിയാണ്..
തെക്കേവളപ്പില്‍ എരിഞ്ഞടങ്ങിയ
രൗദ്രപ്രതാപമാണ്...
അളവില്ലാതെ കരഞ്ഞതന്നാദ്യമാണ്,
നഷ്ട്മെന്തെന്നറിഞ്ഞതും!


വിരല്‍ത്തുമ്പില്‍ ഇപ്പൊഴുമുണ്ട്
പതുപതുത്ത വയറിന്റെ സ്പര്‍ശം..

ഉമ്മറക്കോലായിലെ സന്ധ്യാനാമജപം..
മുക്കൂറ്റിച്ചാന്തു തൊട്ട നിറപുഞ്ചിരി..
നീലക്കണ്ണുകളിലെ തീയാളും നോക്കുകള്‍..
ശബ്ദഗരിമയുടെ ഊര്‍ജ്ജപ്രവാഹങ്ങള്‍..
വിഷുപ്പുലരിയിലെ ഒറ്റരൂപാത്തുട്ട്..
വടക്കേ അറയിലെ പഴമയുടെ ഭ്രമിപ്പിയ്ക്കും ഗന്ധം!!


ഓര്‍മ്മകള്‍ പലപ്പോഴും
ഒരു തൊട്ടാവാടിയുടെ സുഖമുള്ള നീറ്റലാണ്..
ഓര്‍മിയ്ക്കപ്പെടുകയെന്നത് ഒരു ഭാഗ്യവും!!