ഞാനൊഴിഞ്ഞുപോയ വീട്ടിൽ
ബാക്കിയാവുന്നതെന്തായിരിയ്ക്കും?
ഞാൻ പൊഴിച്ച പടം പോൽ
പൊള്ളിയടർന്ന ചുവരിൻ ചർമ്മമോ?
ചലിയ്ക്കാത്ത പേശികളും ,
സൂര്യനസ്തമിച്ച കണ്ണുകളുമായി
അതിൽ തൂങ്ങും മുഖചിത്രമോ?
ഞാനൂരിയെറിഞ്ഞ ലോഹവളയങ്ങളോ?
എഴുതി നിറച്ചിട്ടും എടുക്കുവാൻ മറന്ന
പ്രണയ പുസ്തകമോ?
അതോ..
എൻ്റെ ഓർമ്മകൾക്കു മീതെ പരക്കുവാൻ
നീ തെളിച്ച ചന്ദനത്തിരി ഗന്ധമോ?!