ചൊവ്വാഴ്ച, നവംബർ 15, 2011

പ്രയാണം

ഓടിക്കിതച്ചെത്തുമ്പോഴേയ്ക്കും,
മുന്നില്‍ തെളിയുന്ന
രൗദ്രം പൂണ്ട ചുവന്ന വെളിച്ചങ്ങള്‍..
ഇനിയുള്ളതു കാത്തിരിപ്പിന്റെ
കൊടിയ ഇടവേളകള്‍..
കീഴോട്ടു പാഞ്ഞിറങ്ങുന്ന
ചുവന്ന അക്കങ്ങളില്‍ കണ്ണും നട്ട്,
പച്ചയുടെ കനിവും കാത്ത്,
സങ്കല്‍പ്പങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍
മനസ്സിനെ മേയാന്‍ വിട്ടങ്ങനെ...




അക്കങ്ങള്‍ ഒന്നില്‍ തൊടും മുന്നേ
ഇരമ്പുന്ന വണ്ടികള്‍...
പിന്നില്‍ നിന്നുയരുന്ന ആക്രോശങ്ങള്‍..
ചുവപ്പില്‍ നിന്നു പച്ചയിലേയ്ക്ക്,
പച്ചയില്‍ നിന്നു ചുവപ്പിലേയ്ക്ക്,
എടുത്തെറിയപ്പെടുന്ന ജീവിതങ്ങള്‍!!!
തുടക്കം മുതല്‍ ഒടുക്കം വരെ
നേര്‍രേഖയില്‍ ചലിയ്ക്കുന്നവര്‍..
ആരോ കണ്ണുകെട്ടി വിടുന്നവര്‍!!

ഇടയിലിടറി വീഴുന്നവരെ കാണാതെ,
വേഗത്തില്‍ കുരുങ്ങി ഒടുങ്ങുന്നവര്‍!!
മലിനവായു തിന്ന്,
ജീവന്‍ തുപ്പി മരിയ്ക്കുന്ന ശ്വാസകോശങ്ങളുമായി
എന്തിനോ വേണ്ടി പായുന്നവര്‍,
നിഴലിനെപ്പോലും ഭയക്കുന്നവര്‍!!




ഇടത്തും വലത്തും തിരിയാനാകാതെ
ഈ ചക്രവ്യൂഹത്തില്‍ ഞാനും..
ലക്ഷ്‌യമേതെന്നറിയാതെ മുന്നോട്ട്,മുന്നോട്ട്..




ഓടിത്തളര്‍ന്നൊരു മാത്രയില്‍
ഒരുള്‍വിളി പോലെ പിന്‍തിരിഞ്ഞു നോക്കവേ,
ഒരുപാടു പിന്നിലായ് അമ്മ!
എനിയ്ക്കു നേരെ കൈകള്‍ നീട്ടുന്നു..
മടങ്ങിപ്പോരികെന്‍ ഗര്‍ഭപാത്രത്തിലേയ്ക്കെന്ന്
തിരികെ വിളിയ്ക്കുന്നു..




ഒഴുക്കാണമ്മേ!, തിരിച്ചു നീന്തല്‍ ദുഷ്ക്കരം!



അകലും തോറും നീളുന്ന
അമ്മയുടെ കൈകള്‍..
പിന്‍തുടരുന്ന പേറ്റുനോവിന്റെ മണം!!
പിന്‍തിരിയാനാകാതെ, പൊള്ളുന്ന ഉള്ളവുമായ്,
ഒഴുക്കില്‍ ഒരു പൊങ്ങുതടി പോല്‍ ഞാന്‍!




പൊടുന്നനെ ഒരു വിഭ്രാന്തിയുടെ നിമിഷത്തില്‍,
വണ്ടിയുപേക്ഷിച്ച് ഞാന്‍ തിരിഞ്ഞോടുന്നു..

പിന്നിട്ട വഴികളിലൂടെ, ചിരപരിചിതഗന്ധങ്ങളിലൂടെ
ആലഭാരങ്ങളുപേക്ഷിച്ച്,ഒരു മടക്കയാത്ര!
അമ്മയിലേയ്ക്ക്....
പകരം വയ്ക്കാനാവാത്ത സുരക്ഷിതത്വത്തിലേയ്ക്ക്!!!...

2 അഭിപ്രായങ്ങൾ:

  1. Hi Chechi,
    Liked the way u compared life and traffic.
    ‘Ozhukkanamme, thirichu neenthal dushkaram’
    Ammayilekku pakaram vakkanavatha ..’-ee varikal valare ishtappettu
    Agrahichalum illenkilum yathra thudaran vidhikkapetta nissahayar nammal alle?

    മറുപടിഇല്ലാതാക്കൂ
  2. good!!!
    സമയത്തിന്റെ ഈ മഹാപ്രവാഹത്തില്‍ നിന്നു അടര്‍ത്തി മാറ്റിയാല്‍ നീര്‍ക്കണത്തിനതിന്റെ അസ്തിത്വം പോലും നഷ്ടപ്പെടും.
    ഒഴുകലാണു ലക്ഷ്യം..ഒഴുക്കാണു സത്യം!!

    മറുപടിഇല്ലാതാക്കൂ