തിങ്കളാഴ്‌ച, ഡിസംബർ 01, 2014

ഞാൻ

ഒരുപാട് വളവുകളെ 
അടക്കിപ്പിടിച്ച 
ഒരു നേര്‍രേഖ..

ഒരു ഭൂകമ്പമാപിനിയുടെ
ഉള്‍ക്കിതപ്പുകളെ വെല്ലും
ഏങ്ങലടികള്‍...

ഒരു പാളിനോട്ടം,പിന്നെ
വിളറിപ്പകച്ചുൾവലിഞ്ഞ്
ഒരു ആമത്തലയൊളിപ്പിയ്ക്കൽ!!!

ഞാന്‍ പുതഞ്ഞ ഈ മണ്ണില്‍ 
നീ ഒരു തൈ നടേണം,
പടരാനൊരു പന്തലിടേണം,
പൂക്കും മുൻപെ നുള്ളാതെ 
ഒരു ജന്മം നല്‍കേണം..



ശനിയാഴ്‌ച, ഫെബ്രുവരി 15, 2014

ശ്യാമം

വിഷം തീണ്ടിയ
എന്റെ ഇടങ്കാലിലെ പെരുവിരല്‍
ഞാനറ്റു കളഞ്ഞു.


പക്ഷെ,

അറുത്തു മാറ്റും തോറും ഉയിര്‍ക്കുന്നു
നീലയിറ്റുന്ന വിഷക്കണ്ണുകളുമായി
ഒരു നൂറു വിരല്‍ക്കുഞ്ഞുങ്ങള്‍!


ദംശനമേറ്റതെന്റെ
കണ്ണിലോ, മനസ്സിലോ,
പോയ ജന്മത്തിന്‍ പൊക്കിള്‍ക്കൊടിയിലോ?

വെള്ളിയാഴ്‌ച, ജനുവരി 10, 2014

പ്രതീക്ഷ

ഇതളുകളെല്ലാം കൊഴിഞ്ഞിട്ടും,
വീണു മരിയ്ക്കാതെ
വെയില്‍ തിന്നു വേവുന്ന
ഒരു പൂവ്!


നിറമെല്ലാം വാര്‍ന്നിട്ടും,
മഴയെല്ലാമൊഴിഞ്ഞിട്ടും,
വെറുതേ വിടരാന്‍ വെമ്പും
ഒരു മഴവില്ല്!


ഓര്‍മ്മ പനിച്ചു കയ്ച്ച നാവില്‍
മറവിയുടെ മധുരം പുരട്ടി
ഒരു നല്ല നാളെയെ കാക്കും
നൊമ്പരങ്ങള്‍!
പുതു പുലരികള്‍ തേടും
ജീവിത പമ്പരങ്ങള്‍..