ബുധനാഴ്‌ച, മാർച്ച് 30, 2016

ജലജ

          "ഈ  വയ്യാത്ത സമയത്ത് എന്തിനാണെന്റെ ജലജേ നീയീപ്പണിയ്ക്ക്  നിൽക്കുന്നേ..ഒരുപകാരോല്ല്യാത്താസാധനം വലിച്ചു പറിച്ചു കളഞ്ഞൂടെ      നിനക്ക്?" 
 സച്ചിദാനന്ദന്റെ  ഉച്ചത്തിലുള്ള ചോദ്യം കേട്ട ഭാവം പോലും നടിയ്ക്കാതെ   ജലജ  മുല്ലയ്ക്ക് വെള്ളമൊഴിച്ചു  കൊണ്ടിരുന്നു..തെക്കേ  മുറ്റത്തിന്നതിരിലായി  എത്രയോ വര്ഷം മുന്പവൾ  നട്ടു വളര്ത്തിയതാണാ  മുല്ല .. "എനിയ്ക്കും ഈ മുല്ലയ്ക്കും തമ്മിൽ വല്ല്യേ അന്തരമൊന്നുമില്ല സച്ച്യേട്ടാ ..നിങ്ങളെന്നെ വേണ്ടാന്നു വച്ചില്ല്യാലൊ  കാലമിത്രയായിട്ടും...അതുപോലെ ഒരു നാൾ ഇവളും പൂക്കും.. എന്റെ ഉണ്ണിയീ  മണ്ണിൽ പിച്ച വയ്ക്കും കാലം ,ഇവളും പൂക്കും..."
 ആരോടെന്നില്ലാതെ ജലജ പറഞ്ഞു നിർത്തി. .
                       
                                 മക്കളില്ലാത്ത സച്ചിദാനന്ദന്റെ   വീട്ടുമുറ്റത്ത്  അയാളുടെ പതിനാലാമത്തെ ഗർഭവും  ചുമന്ന്  ഭാര്യ ജലജ നിന്നു ..പത്തൊന്പതാം വയസ്സിൽ  അയാൾക്കൊപ്പം  ഈ പടി  ചവിട്ടിയവൾ..അയാളുടെ ഉയിരറ്റ  പതിമൂന്നു കുഞ്ഞുങ്ങളെ   പെറ്റവൾ. ഒരോ  പ്രാവശ്യവും അവൾ ചുരത്തിയ ചുടുപാൽ വീണു വെന്ത  ഈ മണ്ണിൽ,  ചവിട്ടുമ്പോഴൊക്കെ അയാൾക്ക് കാലു പൊള്ളുന്നതായി  തോന്നി .. ഇന്നീ നാല്പ്പത്തിരന്ടാം വയസ്സിലും ജലജ ഒരദ്ഭുതമായി,  തീവ്രമോഹത്തിന്റെ  കനൽ കെടാത്ത നെരിപ്പോടായി അയാൾക്ക്‌ മുന്നിലെരിഞ്ഞു.
                                 
                           അവളൊരിയ്ക്കൽ   അയാളോട്  ചോദിച്ചു.."ഇനിയിപ്പൊ ... ഞാനാ  പഴയ പറയിയുടെ പിൻതലമുറക്കാരിയായിരിയ്ക്കുമോ ? പന്ത്രണ്ടു പെറ്റിട്ടും ഒന്നിനെപ്പോലുമൂട്ടാത്ത ആ പറയിയുടെ ?.."

അയാൾ  നൂറ്റൊന്നാവർത്തി പറഞ്ഞിട്ടും പ്രസവം നിർത്താനോ  ഒരു            കുഞ്ഞിനു വേണ്ടിയുള്ള മറ്റു മാർഗങ്ങൾക്കോ  അവൾ വഴങ്ങിയില്ല....
 "ഞാൻ പെറ്റിടും നമ്മുടെ കുഞ്ഞിനെ ..നിങ്ങടെ നിറവും എന്റെ നുണക്കുഴികളുമുള്ള നമ്മുടെ ഉണ്ണിയെ ..എനിയ്ക്ക് കേൾക്കണം അവന്റെ കരച്ചിൽ, അറിയണം അവന്റെ സ്പർശം....  "
                         
                                      കാട്ടുതീ പോലെ പടരുന്ന പ്രണയമായിരുന്നു ജലജ..അതിലെരിഞ്ഞടങ്ങീ അയാളുടെ അഹന്തയും, ഭക്തിയും, വിപ്ലവവുമെല്ലാം..വിഷം തീണ്ടി മരിച്ച രണ്ടാങ്ങളമാർക്ക് നടുവിൽ വിഷം തീണ്ടിയിട്ടും വാടാതെ  നിന്നൂ ജലജ..അവൾ കുരുത്തത് ജലത്തിലല്ല തീയിലാണെന്നു പലപ്പോഴും തോന്നി അയാൾക്ക്.. ഓരോ തവണ പെറ്റെണീയ്ക്കുമ്പോഴും അവളുദയസൂര്യനെപ്പോലെ ചുവന്നു തെളിഞ്ഞു.എത്ര നിഷേധിച്ചാലും അയാൾ  അറിഞ്ഞിരുന്നു ,അവൾ ചൊരിയുന്ന പ്രതീക്ഷയുടെ നേർത്ത വെള്ളിവെളിച്ചത്തിലാണ്‌  താൻ ജീവിയ്ക്കുന്നതെന്ന്..അത് തന്നെയാണ് സത്യമെന്ന്..
                          അമ്മ മരിച്ചതിനു  ശേഷം  പ്രസവസയത്ത് അവൾക്കു കൂട്ടായെത്താറുള്ള  കുഞ്ഞൂട്ടിയേം  കൂട്ടി ആശുപത്രിയിലേക്ക്  ഇറങ്ങാൻ നിൽക്കെയാണ് ജലജ ആ കാഴ്ച കണ്ടത് ..അത്യദ്ഭുതത്തോടെ  അവൾ അയാളോട്  പറഞ്ഞു  .."ദേ  നമ്മുടെ മുല്ലമേലൊരു മൊട്ട് ....കണ്ടോ.. ഞാൻ പറഞ്ഞിരുന്നതല്ലേ, ഇവളും പൂക്കുമെന്ന് ..തൊണ്ണൂറു ഞരമ്പും പൊട്ടി ഞാൻ പതിമൂന്നു വട്ടം ഒഴുക്കികളഞ്ഞ എന്റെ രക്തം സത്യമാണെങ്കിൽ സച്ച്യേ ട്ടാ ,..നമ്മൾ  തിരിച്ചീപ്പടി കേറുന്നത് നമ്മുടെ കുഞ്ഞിനേം കൊണ്ടായിരിയ്ക്കും..." അവൾ ആണയിട്ടു ..

തന്റെ പതിനാലാമത്തെ കുഞ്ഞിനെയെന്നപോലെ അയാളാ മുല്ലമൊട്ടിൽ സൂക്ഷിച്ചു നോക്കി..മൃദുവായി തൊട്ടു..അന്നാദ്യമായി അയാളാ മുല്ലയ്ക്ക് വെള്ളമൊഴിച്ചു..  ആ തൊടിയിലെ ഒട്ടു മിയ്ക്ക മരങ്ങളും അവൾ നട്ടു വളർത്തിയതായിരുന്നു.ഓരോ കുഞ്ഞുങ്ങൾക്കും പകരംഅവളോരോ തൈ നട്ടു ..കാശിത്തുമ്പ മുതൽ കുഞ്ഞിനൂഞ്ഞാലിടാൻ നിർത്തിയിരിയ്ക്കുന്ന  മാവു വരെ എല്ലാം, എല്ലാം അവളുടേതായിരുന്നു ..
                         
                                                 എത്ര പരിചിതമാണെങ്കിലും ജലജയ്ക്ക് വേദന തുടങ്ങിയെന്നു കേട്ടാൽ അയാൾക്ക്‌ പരിഭ്രമമാണ് .. പിന്നെ അയാൾക്കാ  ആശുപത്രി വരാന്തയിൽ ഇരിപ്പുറയ്ക്കില്ല ...  ഇത്തവണഎന്തെന്നറിയില്ലാ,പിരിമുറുക്കവും ആകാംക്ഷയുമൽപ്പമേറെ ആയിരുന്നു. തിരിച്ചറിയാനാവാത്ത ഒരു വികാരത്തള്ളിച്ചയിൽ അയാളാ ആശുപത്രി വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്നു..
                             പെട്ടെന്നാണ് "ഇവരെന്തൊക്ക്യോ പറയണൂല്ലോ സച്ച്യേ......" എന്ന കുഞ്ഞൂട്ടിയുടെ ആർത്തനാദം അയാൾ കേട്ടത്. ഓടിയടുക്കുമ്പോഴേയ്ക്കും അയാൾ  കണ്ടു, സ്ട്രെച്ചറിൽ  തന്റെ അരികിലൂടെ അറ്റെണ്ടർമാർ  തള്ളിക്കൊണ്ടോടുന്ന  ജലജയെ..പരിഭ്രാന്തരായി പിന്നലെയോടുന്ന നഴ്സുമാർ...ഡോക്ടർ...

എന്തെന്നറിയാതെ പകച്ചു നിന്ന അയാളുടെ മുന്നിലേയ്ക്കു മടിച്ചു മടിച്ചു  കുഞ്ഞൂട്ടി നീട്ടി, തുണിക്കെട്ടിൽ പൊതിഞ്ഞ ഒരു മേഘത്തുണ്ട്!!... വെളിച്ചത്തിനു നേരെ  കുഞ്ഞിമ ചിമ്മി, ചിമ്മി തുറന്ന്, സച്ചിദാനന്ദന്റെ പതിനാലാമത്തെ കുഞ്ഞ് അയാളെ നോക്കി!!! 

                                        അന്ന് രാത്രി ശവഗന്ധവും പേറി തെക്കേ തൊടിയിൽ   ആ മുല്ല വിരിഞ്ഞു.അതിന്റെ രൂക്ഷ ഗന്ധത്തിൽ സച്ചിദാനന്ദന്  മനം പുരട്ടി....ഉണർവിനും, മയക്കത്തിനുമിടയിൽ.....സത്യത്തിനും മിഥ്യ യ്ക്കുമിടയിൽ.. അയാൾ ഉഴറി നടന്നു...മുന്നിൽ മുടിയഴിച്ചുറയുന്ന ഇരുട്ടിലേയ്ക്കു നോക്കുമ്പോഴൊക്കെ,  അങ്ങ് ദൂരെ മാവിൻ തുഞ്ചത്തൊരൂഞ്ഞാലിൽ, തന്റെ പതിമൂന്നു മക്കളുമായി ജലജയിരിക്കുന്നതയാൾ കണ്ടു ...ജലജയുടെ പാലു വീണു കുതിർന്ന ആ മണ്ണിൽ , ചുണ്ട് നനയ്ക്കാൻ പോലും പാലില്ലാതെ സച്ചിദാനന്ദന്റെ പതിനാലാമത്തെ പുത്രൻ  കരഞ്ഞു തളർന്നു...

          

തിങ്കളാഴ്‌ച, മാർച്ച് 28, 2016

പുഴ പറഞ്ഞ കഥ

തലയ്ക്കു തീ പിടിയ്ക്കുന്ന ദിവസങ്ങളിലെല്ലാം ഒറ്റയ്ക്ക് ഞാനീ പുഴക്കരയിൽ വന്നിരിയ്ക്കും.കടത്തു കൂടി നിര്ത്തിയതോടെ  പകലൊന്നും ഒരാളും ഈ വഴിയ്ക്ക് വരാറില്ല.രാത്രിയാകുമ്പോൾ മാത്രമാണീ തീരത്ത് ആളനക്കം.പുഴയെ വ്യഭിചരിയ്ക്കാൻ  വരുന്നവരുടെ ആര്പ്പും  വിളിയും..ഇവളുടെ  മേനി തുരക്കുന്നവരുടെ ചിരിയും കൂത്തും....മണല് വാരി വാരി വെറുമൊരു വെള്ളക്കെട്ട് മാത്രമായ പുഴയ്ക്ക് , തടവിലാക്കപ്പെട്ട ഇരയുടെ മുഖഭാവമാണെന്നു പലപ്പോഴും  തോന്നിയിട്ടുണ്ട് എനിയ്ക്ക്..
                 
                ഈ പുഴയ്ക്ക്  ഒരായിരം കഥകളുണ്ട് പറയാൻ.  സ്വന്തം നിശ്വാസങ്ങൾ ഇവളുടെ മാറിൽ ചേ ർത്ത്  വച്ചവരുടെ..ഇവളിൽ ഉയിര് കലർത്തിയവരുടെ ..ആരുമറിയാത്ത കഥകൾ ..പുഴയുടെ ആഴങ്ങളിലേയ്ക്കങ്ങിനെ നോക്കിയിരുന്നാൽ മതി.. പതുക്കെ, വളരെ പതുക്കെ, ഓളങ്ങളിളക്കി അവരോരുത്തരായി പൊങ്ങി വരികയായി..ചിരിച്ചും, കരഞ്ഞും ചിലപ്പോഴൊക്കെ നിർവികാരരായും   അവർ കഥകൾ  പറയും.. നിസ്സഹായതയുടെ ,പ്രതികാരത്തിന്റെ,  മോഹങ്ങളുടെ, മോഹഭംന്ഗങ്ങളുടെ,നഷ്ടങ്ങളുടെ കഥകൾ ...

              തോട്ടും വക്കത്തെ രാധേച്ചി, എന്ന് കഥ പറയാൻ തുടങ്ങിയാലും, കരയും. ഒഴുക്കിൽ പെട്ട ഉണ്ണിയെ തേ ടിയിറങ്ങിയാതണത്രേ..ഉണ്ണിയെ കിട്ടിയതുമില്ല, കരയിലുണ്ണീ ട ച്ഛൻ  ഒറ്റയ്ക്കവേം ചെയ്തെന്നു പറഞ്ഞു വലിയ വായിൽ കരയും.വളരെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചയക്കുക..
            
          കുന്നത്തെ മായമ്മ  വന്നാൽ പിന്നെ ചിരിയും പാട്ടും  ബഹളവുമാണ്. ..പോ കാൻ നേരം പറയും" മടുത്തിട്ടാണ് മോനെ ..ചാടിയതിലന്നൂല്ല്യ സങ്കടം, ഇന്നൂല്ല്യ.."പിന്നെ മുറുക്കി ചുവന്ന  വായിലെ, കറുപ്പ് രാശി പടര്ന്നു തുടങ്ങിയ പല്ലുകൾ കാട്ടി വെളുക്കെ  ചിരിയ്ക്കും. പോകാൻ നേരം എനിയ്ക്കൊരു വെള്ളാരം കല്ല്‌  നീട്ടും..

           വഞ്ചി മറിഞ്ഞ്  മരിച്ച സേവ്യറും ,കുറുപ്പും, വത്സമ്മേം , ലോഹീം,സുലൈമാനും  ഒക്കെ വരും .വീട്ടുകാരെ കുറി ച്ച ന്വേഷിയ്ക്കും .സഹായ ധനത്തിന് വേണ്ടിയുള്ള വീട്ടുകാരുടെ  വര്ഷങ്ങ ളായുള്ള കാത്തിരു പ്പിനെ  കുറിച്ചാരായും .അവരുടെ അവസ്ഥകൾ  കേട്ട് ആശ്വ സിച്ചും  പരിതപിച്ചും മുങ്ങി മറയും.

                   മകളെ ഡോക്ടരാക്കാൻ കടമെടുത്ത് മുടിഞ്ഞൊ ടുവിൽ  പുഴയിലഭയം തേടിയ ഗോപിയെഴുത്തശൻ.. മകള് നേര്സായ വാർത്ത കേട്ടു അങ്ങേരാർത്തലച്ചതോർക്കുംപോൾ   ഇന്നും ഉള്ളിലൊരു നീറ്റലാണ് .
            
                    പിന്നെയുമുണ്ട് ഒരുപാടുപേർ.. ആരെക്കെയോ ചേർന്ന് പറ്റിച്ച കാര്ത്തൂ..പ്രണയത്തിനു മതമില്ലെന്നുത്ഘോ ഷിച്ചു മുറുകേ പുണർന്നു പുഴയിലേ യ്ക്കമർന്ന  കൌസല്യയും സാബൂം.. അങ്ങനെ എത്രയോ പേരെ ഞാനിവിടെ വച്ചു കണ്ടിരിയ്ക്കുന്നു.. ഓരോരുത്തരും വിങ്ങിയും,  വിതുമ്പിയും, ചിരിച്ചും, കലഹിച്ചും പായാരം പറഞ്ഞീ പ്പുഴയ്ക്കടിയിലെവി ടെയോ ...
                                             
          ഇന്ന്  , ഇത്ര  നേരമിരുന്നിട്ടും എന്താണാവോ  ആരും വരാത്തത്? തീര്ന്നു കാണുമോ ഈ പുഴയുടെ കഥകൾ ?ഇരുട്ട് പരന്നുതുടങ്ങിയിരിയ്ക്കുന്നു.. അചഛൻ വന്ന് കാണുമോ?   മുണ്ടിൽ  പറ്റിയ പൊടി തട്ടിക്കളഞ്ഞ് പടിക്കെട്ട് കയറവേ, പിന്നിൽ നിന്ന്  ചിരപരിചിതമായ ഒരു  വിളി ..പണ്ടെന്നോ കേട്ടുമറന്ന ആ വിളി .."ഉണ്ണീ.... .." ഉള്ളിലൊരാന്തലോടെ ഞാൻ തിരിഞ്ഞു നോക്കി.അമ്മ!!..ഈറനുടുത്ത്‌  വെള്ളമിറ്റു ന്ന മുടിയിഴകളുമായി പുഴയ്ക്കു നടുവിൽ അമ്മ!!.. ശ്വാസം നിലച്ചുവോ ഒരു നിമിഷം ?
 " പക്ഷേ.., പക്ഷേ.., അച്ഛനെന്നോട് പറഞ്ഞത്.. .. .."കിതപ്പെന്റെ  വാക്കുകൾ വിഴുങ്ങി. അടിനാഭിയിൽ നിന്നാളിയൊരേങ്ങൽ ഇടനെഞ്ചു തകർത്ത് ചങ്കിൽ കിടന്നു പിടച്ചു..ഞാൻ സൂക്ഷിച്ചു നോക്കി.അതെ .. അമ്മ തന്നെ! അമ്മ ചിരിയ്ക്കുകയാണ് ..അകത്തളത്തിലെ  ഫോട്ടോയിൽ ഞാൻ കാണാറുള്ള അതേ  ചിരി! ...