തിങ്കളാഴ്‌ച, നവംബർ 19, 2012

അധിനിവേശം

നഗരം നക്കിയെടുത്ത ഞങ്ങളുടെ സ്വപ്‌നങ്ങള്‍
ഗതി കിട്ടാത്ത ആത്മാക്കളായി തെരുവീഥികളിലലഞ്ഞു..
 'o'വട്ടച്ചുമരില്‍ ഞങ്ങളൊരുക്കിയ ചായക്കൂട്ടുകള്‍
ഇന്നലെ പെയ്ത മഴയില്‍ ,
മുറ്റത്ത് ചോരച്ചാലുകള്‍ കീറി ..
ബുള്‍ഡോസറിന്റെ നഖം കൊണ്ടു കീറിയ മാറുമായ് 
ഞങ്ങളുടെ പെണ്ണുങ്ങള്‍ തെരുവോരങ്ങളില്‍  കാഴ്ച്ചക്കാരായി  ..
പെറ്റിടാനൊരു മറ തേടുന്ന കണ്ണുകള്‍ 
കുറ്റിക്കാടുകളിലുടക്കി കിടന്നു!
വയറുന്തി കാല്‍ വളഞ്ഞ കുഞ്ഞുങ്ങള്‍
പട്ടിണിക്കോളങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കി..
പുകയൂതി വിഷം നുകര്‍ന്ന് ഞങ്ങള്‍
ആകാശചോട്ടില്‍ വെയില്‍ കാഞ്ഞ്,
മഴ നനഞ്ഞ്  കുളിരുണ്ട് മയങ്ങി!!
നഗരം കവര്‍ന്ന ആറടി മണ്ണിന്റെ നൊമ്പരവും പേറി
ഞങ്ങളുടെ പ്രേതം വഴിവക്കില്‍ ഈച്ചയാര്‍ത്തുകിടന്നു!!


  

വെള്ളിയാഴ്‌ച, നവംബർ 16, 2012

സ്മൃതിനാശം

എവിടെയോ കണ്ടിട്ടുണ്ട്..
മനസ്സു മന്ത്രിച്ചു..
ആഴ്ന്നിറങ്ങുന്ന ആ നോട്ടം,
തലച്ചോറിലെവിടെയോ കൊളുത്തി വലിച്ചു..
കര്‍ണപുടങ്ങളില്‍ തട്ടിത്തിരിഞ്ഞ ശബ്ദവീചികള്‍,
ഊര്‍ദ്ധ്വന്‍ വലിയ്ക്കുന്ന ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടു..
ചിരപരിചിത ഗന്ധം തിരിച്ചറിയാനാകാതെ,
നാസാഗ്രം വിറകൊണ്ടു..
മുന്നിലിരിയ്ക്കുന്നതാരെന്നറിയാതെ,
ഞാന്‍ മറവിയുടെ കുരുക്കില്‍ തൂങ്ങിയാടിപ്പിടഞ്ഞു!!!


ഓര്‍മ്മകള്‍ ചികഞ്ഞു മനസ്സു കഴച്ചു
ശൂന്യമായ നോക്കുമായ് ഞാനിരുന്നു..

 എത്ര വിളിച്ചിട്ടുമുണാരാത്ത കുഞ്ഞിനേപ്പോല്‍
കാലം എനിയ്ക്കു പിന്നില്‍ മയങ്ങിക്കിടന്നു..
 വെളിപാടുകള്‍ പോലിടയ്ക്കു തെളിയുന്ന മിന്നായങ്ങള്‍,
നാക്കിന്‍തുമ്പോളമെത്തി, ചത്തു മലച്ചു!!!

എത്രയാവര്‍ത്തി വായിച്ചിട്ടു-
മുത്തരം കിട്ടാത്ത ചോദ്യമായ്, മുന്നിലയാള്‍!

'കഴിയുന്നില്ല!',വീണുടഞ്ഞ നൊമ്പരം വാക്കുകളായ് ചിതറി..
'സാരമില്ല..', പുറത്തു തട്ടി ആശ്വസിപ്പിച്ചയാള്‍ പടിയിറങ്ങവേ,
മനസ്സില്‍, ഒരുവിളിപ്പാടകലെ,
ഓര്‍മ്മയുടെ ചിതയെരിയുന്നതു ഞാനറിഞ്ഞു!
കത്തിയമര്‍ന്നവശേഷിയ്ക്കുന്ന ചാരമൊഴുക്കാന്‍,
ഞാനിനി ഏതു പുഴ തേടണം?


സ്മൃതിയില്‍ നിന്നും മൃതിയിലേയ്ക്കു ദൂരം
വെറുമൊരക്ഷരം മാത്രം!!!

ശനിയാഴ്‌ച, നവംബർ 10, 2012

രാധ,യുഗാന്തരങ്ങളിലൂടെ..

നിന്റെ കൈ പിടിച്ച് ഞാന്‍ നടന്ന ദൂരങ്ങള്‍,
താണ്ടിയ തീരങ്ങള്‍..
നമുക്കിടയില്‍ ഉരുകി വീണ പകലുകള്‍,
അലിഞ്ഞമര്‍ന്ന ഇരവുകള്‍..
നിന്റെ കണ്ണിലെ സൂര്യവെളിച്ചത്തില്‍,
ഞാന്‍ നെയ്ത കിനാവുകള്‍..
 വെയിലിടറി വീണ വഴിയിറമ്പിലിരുന്ന്
നമ്മള്‍ കണ്ടുകൊതിച്ച സന്ധ്യകള്‍..
എല്ലാമെല്ലാം യുഗങ്ങള്‍ക്കു മുന്‍പ്!!

നീ യുഗാന്തരങ്ങള്‍ക്കിടയിലെവിടെയോ
വീണു പൊഴിഞ്ഞുപോയ്..
ഞാന്‍ ശപിയ്ക്കപ്പെട്ടവള്‍!
ഏഴു ജന്മവും നാരീരൂപം പൂണ്ടവള്‍..
 പോയ ജന്മത്തിന്റെ അവശിഷ്ട സ്വപ്നങ്ങളും പേറി
അലഞ്ഞു നടക്കുന്നവള്‍..
ഉറവ പൊട്ടാത്ത മിഴികളും,
കനത്തു വിങ്ങിയ ഹൃദയവുമായ്
ഇന്നും ഞാന്‍ നിന്റെ നീലക്കണ്ണുകള്‍ തേടുന്നു..
നിന്റെ മിഴിക്കോണിലെരിയുന്ന  വെളിച്ചത്തില്‍ നിന്നൊരു നാമ്പ്
എനിയ്ക്കായ് കരുതുക!
കൊഴിഞ്ഞു പോകും മുന്‍പെങ്കിലും
ഞാനൊന്നാളിക്കത്തട്ടെ!!!

വേനല്‍

വിരല്‍ത്തുമ്പില്‍ അക്ഷരങ്ങള്‍
അപരിചിതരെപ്പോല്‍ പരുങ്ങി നിന്നു..


വിണ്ടു കീറിയ വിളനിലങ്ങളെപ്പോല്‍
കണ്ണിലെ നീലഞരമ്പുകള്‍ പിടച്ചു..

കൂട്ടിലടയ്ക്കപ്പെട്ട കിളികളായ്
വാക്കുകള്‍ ചങ്കില്‍ കൊത്തിവലിച്ചു..


പുറത്തേയ്ക്കുണരാത്ത പ്രവാഹത്തിലെ നീര്‍മുത്തുകള്‍
കനല്‍ത്തുള്ളികളായി,മനസ്സിന്റെ ആഴങ്ങളില്‍..


തോരാത്ത മഴയും കുളിരുള്ള കാറ്റും
സ്വപ്നങ്ങളില്‍ പോലും അന്യമായ്..


കുറുകിയും നീണ്ടും
നിഴലുകള്‍ മാത്രം കൂട്ടിരുന്നു..