ബുധനാഴ്‌ച, ഏപ്രിൽ 27, 2016

കൂടപ്പിറപ്പ്

ഞാനും നീയും,
ഒരോർമ്മയുടെ രണ്ടറ്റങ്ങൾ
ഒരേ തിരുമുറിവിൻ  ഉടൽപ്പകർച്ചകൾ
ഒരുകാലം ഒരേ പാൽച്ചിരി പകുത്തോർ
ഒരേ നൊമ്പരച്ചുള്ളിയാൽ പുള്ളി കുത്തിയോർ

ഞാനും നീയും,
ഇന്നുമൊരു മനമെന്നാലും
ഇരുമെയ് പുണരുവോർ..
അണയാനായും തോറും
ഇഴയകന്നു പോകുവോർ..

ഞാനും നീയും,
പുലർച്ചയ്ക്കൊന്നായൊഴുകി
ഉച്ചയ്ക്കിരുവഴിയായ് പിരിഞ്ഞ-
ന്തിയ്ക്കൊരു കടലായ് കലരേണ്ടവർ..
കൂടപ്പിറപ്പുകൾ,നമ്മളൊരേ
അരിപ്രാവിന്നിരുചിറകുകൾ!!


തിങ്കളാഴ്‌ച, ഏപ്രിൽ 25, 2016

പക

നെരിപ്പോടുകൾ  അണഞ്ഞിട്ടില്ല
കാലം അമർത്തിക്കെടുത്തിയ തീനാമ്പുകൾ
ഇപ്പോഴും സ്പന്ദിയ്ക്കുന്നുണ്ട് ..
അവയ്ക്ക് മേൽ കോരിയിട്ട ഹിമപാളികൾ
ഉരുകിത്തുടങ്ങിയിരിയ്ക്കുന്നു..
വിടവുകൾക്കിടയിലൂടെ
ഒരുതുള്ളി ശ്വാസം തേടിപ്പിടയ്ക്കുന്നൂ
തീഞരമ്പുകൾ..
ഹിമക്കോട്ടകൾ ഭേദിച്ചൊരുനാൾ
അവ ഉയിർത്തെഴുന്നേൽക്കും.
നേരിപ്പോടുകൾക്ക് മേൽ
വിധിയാം ലാസ്യമൊഴിഞ്ഞ്
താണ്ഡവത്തിൻ ചടുല വേഗമാകും
പടർന്നു കത്തിയൊടുവിൽ
സ്വയമൊടുങ്ങാനാവാതെ
വരുണാ! നിനക്കായി കേഴും..
അന്നെന്നിൽ നീ മഴയായ്, മഞ്ഞായ്‌ പെയ്യുക..
നെരിപ്പോടുകൾക്കടിയിൽ
വീണ്ടുമുറങ്ങട്ടെ ,
ഉറക്കം നടിയ്ക്കട്ടെ..
എന്റെ ഓർമ്മയുടെ സ്ഫുലിംഗങ്ങൾ .. 


ചൊവ്വാഴ്ച, ഏപ്രിൽ 19, 2016

നിഷേധി

ഏഴു രാവും ഏഴു പകലും കണ്ണിമ ചിമ്മാതെ കാവലിരുന്നിട്ടും,കുട്ടൻ നായരുടെ കണ്ണുവെട്ടിച്ച്,ദീനാമ്മയുടെ പളുങ്ക് ഹൃദയത്തിൻ തുടിപ്പുമായ് കാലൻ കടന്നു കളഞ്ഞു..നിസ്വാർത്ഥ പ്രണയമെന്തെന്നു സ്വന്തം ജീവിതം കൊണ്ട് ലോകത്തെ പഠിപ്പിച്ച കുട്ടൻ നായരുടെ കണ്ണുകളിലേയ്ക്ക് നാട്ടുകാർ  ഉറ്റുനോക്കി.ഒരു തുള്ളി വെള്ളമെങ്കിലും അടർന്നു വീഴുന്നത് കാണാൻ..
പക്ഷെ കുട്ടൻ നായർ കരഞ്ഞില്ല..ചിരിച്ചില്ല ..മാവ് വെട്ടുന്നവർക്കൊപ്പം ചേർന്നയാൾ മാവ് വെട്ടി..വിറകൊതുക്കി..,ചകിരിയും, ചിരട്ടയും  തയ്യാറാക്കി..ദീനാമ്മയെ കുളിപ്പിച്ച് വെള്ളപുതപ്പിച്ച് കിടത്തി..തെമ്മാടി ക്കുഴിയിലേ അടക്കൂ എന്ന്  ശഠിച്ച പള്ളിക്കാരെ വെല്ലുവിളിച്ച്,സ്വന്തം പറമ്പിൽ ചിതയൊരുക്കി അടക്കി.അപ്പോഴെങ്കിലും നാട്ടുകാർ കാത്തു.. ഒരു തുള്ളി...അതുണ്ടായില്ല കണ്ണ് കൊണ്ട് കരയാനറിയാത്ത കുട്ടൻ നായർ പക്ഷേ തന്റെ സങ്കടം മുഴുവൻ വിയർപ്പായൊഴുക്കി ..ശരീരം കൊണ്ട് കരഞ്ഞു ..അത് പക്ഷെ നാട്ടുകാർ കണ്ടില്ല..അറിഞ്ഞില്ല..."വല്ലാത്ത ഒരു മനുഷ്യൻ തന്നെയപ്പാ.."അവർ നെടുവീർപ്പിട്ടു..മൂക്കത്ത് വിരൽ വച്ചു ..

അല്ലേലും കുട്ടൻ നായർ അങ്ങനെയൊക്കെ  തന്നെയായിരുന്നു.എന്നും നാട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചവൻ..നിഷേധി..തന്റെതല്ലാത്ത തെറ്റിനു തന്നെ തല്ലിയ  സാറിന്റെ കയ്യിൽ  നിന്ന് ചൂരൽ  പിടിച്ചു വാങ്ങിയ കാലം മുതൽ തുടങ്ങിയതാണ്‌ കുട്ടൻ നായരുടെ നിഷേധങ്ങൾ ..  പഠിപ്പിൽ  മിടുക്കനായിരുന്നവൻ.. എന്തായാലും ഒരു സർക്കാർ ഉദ്യോഗം വാങ്ങും എന്നു കരുതിയ നാട്ടുകാരെ മുഴുവൻ വിഡ്ഢികളാക്കി കുട്ടൻനായർ പുരയിടത്തിൽ കൃഷിപ്പണി തുടങ്ങി,പാടത്ത് നെല്ലിറക്കി...ഇങ്ങനെ ചെറുതും വലുതുമായ നിഷേധിക്കലുകളിലൂടെ കുട്ടൻ നായർ നാട്ടുകാരെ നട്ടം തിരിച്ചു.

എന്നാൽ നാട്ടുകാർക്ക്  മുന്നിൽ കുട്ടൻ നായരെ  ഏറ്റവും  വലിയ നിഷേധിയാക്കി മാറ്റിയ തീരുമാനം മറ്റൊന്നായിരുന്നു.അയാളുടെ ചെറിയ ചെറിയ ധിക്കാരങ്ങളൊക്കെ സഹിച്ച നാട്ടുകാരെ  ഏറെ പ്രകോപിതരാക്കിയത്, ഒരുമിച്ച് കളിച്ച്,ഒരേ മഷിത്തണ്ട് പകുത്ത്, ഒരുമിച്ച്  ഈറോലിപ്പഴം തിന്ന് നടന്ന ,ഒരേ സ്കൂളിൽ തന്നെക്കാൾ ഒരു ക്ലാസ്സ് മേലെ പഠിച്ച ദീനാമ്മയെ കുട്ടൻനായർ  കെട്ടിയതാണ്‌..അതും വലിവുകാരി ദീനാമ്മയെ.." ഒത്ത പൊക്കവും വണ്ണവും,കരിവീട്ടി പോലത്തെ ഉറച്ച ശരീരവുമുള്ള കുട്ടൻ നായർക്ക് ചേർന്ന പെണ്ണാണോ സപ്തനാഡികളും എടുത്തു പിടിച്ച് സ്വതവേ വിടർന്ന കണ്ണുകൾ പിന്നെയും തുറിച്ച് എന്തിനെന്നില്ലാതെ ശ്വാസംമുട്ടിപ്പിടയ്ക്കുന്ന നീർക്കോലി പോലെയുള്ള ദീനാമ്മ? അതും അന്യമതസ്ഥ!!..." ജനം മുഖത്തോടു മുഖം നോക്കി.പ്രബുദ്ധരായ അവർ പ്രതികരിച്ചു.പള്ളിക്കമ്മിറ്റി കൂടി ദീനാമ്മയെ പുറത്താക്കി.അമ്പലക്കമ്മിറ്റി തങ്ങളേറ്റെടുക്കില്ലെന്നാവർത്തിച്ചു പറഞ്ഞു. അങ്ങനെ ദീനാമ്മ ആർക്കും വേണ്ടാത്തവളായി.കുട്ടൻ നായർക്ക് മാത്രം വേണ്ടപ്പെട്ടവളായി.

നിങ്ങൾ വിചാരിയ്ക്കും പോലെ കടുത്ത പ്രണയം മൂത്ത് കെട്ടിയതൊന്നുമല്ല കുട്ടൻ നായർ ദീനാമ്മയെ.സത്യം പറഞ്ഞാൽ കെട്ടും വരെ കുട്ടൻ നായർക്ക്  ദീനാമ്മയോടു അത്തരത്തിലുള്ള ഒരു വികാരമേ ഉണ്ടായിരുന്നില്ല.ഒരു മനുഷ്യത്വത്തിന്റെ പേരിൽ കളിക്കൂട്ടുകാരിയുടെ കൈപിടിച്ചതാണ് കുട്ടൻ നായർ.

ചെറുപ്പത്തിലേ അപ്പൻ മരിച്ച ദീനാമ്മയുടെ  സ്ഥിരം ശത്രുവായിരുന്നു ആസ്ത്മ.ആ കാരണം കൊണ്ടു തന്നെയാണ് അമ്മച്ചി ശോശന്ന ആവതു ശ്രമിച്ചിട്ടും,ദീനാമ്മയ്ക്കൊരു നല്ലബന്ധം ശരിയാവാതെ പോയത്. അങ്ങനെ കാലം കടന്നു പോകെയാണ്,ഒരു തുലാവർഷ സന്ധ്യയ്ക്ക് തകർത്ത് പെയ്ത മഴയ്ക്കിടയിൽ താഴ്ന്നിറങ്ങി വന്ന ഒരിടിവാൾ ശോശന്നയെ പുണർന്നെരിച്ചത്..അതോടുകൂടി അനാഥയായിപ്പോയി ദീനാമ്മ..  പിന്നീടുള്ള രാത്രികളിൽ,ഒരുതുള്ളി ശ്വാസത്തിനായുള്ള ദീനാമ്മയുടെനിലവിളി കാറ്റിനേയും മഴയേയും കീറിമുറിച്ച് വെറുമൊരിടവഴിയ്ക്കപ്പുറമുള്ള  കുട്ടൻ നായരുടെ ജനൽപ്പാളികളിൽ ചെന്നലച്ചു.തന്റെ കൈ പിടിച്ചു നടന്നിരുന്ന കൂട്ടുകാരി ഒരു വീടപ്പുറം രാവും പകലും നിറയുന്ന ഇരുട്ടിൽ ഒറ്റയ്ക്കുരുകുന്നത് അയാൾക്ക്‌ സഹിയ്ക്കാനായില്ല.അങ്ങനെയാണ് കുട്ടൻ നായർ ദീനാമ്മയ്ക്ക് തുണയാകാൻ തീരുമാനിച്ചത് ..പിന്നെ ഇണയായതും.

പക്ഷെ ഇതൊക്കെ പറഞ്ഞാൽ  ആരെങ്കിലും വിശ്വസിയ്ക്കുമോ?  "എല്ലാം വെറുതെ പറയുന്നതല്ലേ ..ഇതസ്ഥിയ്ക്ക് പിടിച്ച പ്രേമമല്ലേ.. നമ്മളിതൊക്കെത്ര കണ്ടിരിയ്ക്കുന്നു .." ഇതാണ് നാട്ടുകാരുടെ പക്ഷം.
പക്ഷമേതുതന്നെയായാലും കുട്ടൻ നായർ  ജീവിച്ചു..ദീനാമ്മയ്ക്കൊപ്പം തന്നെ..നീണ്ട ഇരുപത്തിനാല് കൊല്ലം..പണ്ടേ നിഷേധിപ്പട്ടം ചാർത്തിക്കിട്ടിയത് കൊണ്ട് കൈ വന്ന സ്വാതന്ത്ര്യത്തിന് ഒട്ടും കുറവ് വരുത്താതെ തന്നെ..

കെട്ടുകഴിഞ്ഞു രണ്ടാം മാസം മുതൽ തുടങ്ങിയ നാട്ടുകാരുടെ വിശേഷാന്വേഷണങ്ങൾ മരുന്ന് നിർദേശത്തിലേയ്ക്കും, ഉരുളി കമിഴ്ത്തലിലേയ്ക്കും കടന്ന് ഒടുവിൽ ദീനാമ്മയെ കുട്ടൻ നായരുടെ ചോറുണ്ട് കൊഴുക്കുന്ന,വെറും മച്ചിയായി ചാപ്പകുത്താനൊരുങ്ങിയ അഞ്ചാം വർഷത്തിലാണ് കുട്ടൻ നായർ അവർക്കെതിരെ തന്റെ അടുത്ത ശരം തൊടുത്തു വിട്ടത്. "അവൾക്കാണ്‌ കേടെന്ന് ആരാടാ നിന്നോടൊക്കെ പറഞ്ഞത്? കൊഴപ്പം എന്റെയല്ലെന്നു നിനക്കൊക്കെ എന്താ ഇത്ര ഉറപ്പ് ?.." ചായക്കടയിലിരുന്നു കുട്ടൻ നായർ  ഉറക്കെ പ്രസ്താവിച്ചു.കേട്ടവർ കേട്ടവർ വാ പൊളിച്ചു.പൊക്കത്തിനൊത്ത വണ്ണമുള്ള ,കൊമ്പൻ മീശയുള്ള കുട്ടൻ നായരുടെ ആണത്വം അന്നാട്ടിലൊരു ചോദ്യചിഹ്നമായി.

ഇങ്ങനെയൊക്കെ ദീനാമ്മയെ പ്രണയിച്ച,കാത്തു രക്ഷിച്ച കുട്ടൻ നായരാണ് ഒരു തുള്ളി കണ്ണുനീർ പോലുമൊഴുക്കാതെ നിൽക്കുന്നത് ..സഹിയ്ക്കുമോ നാട്ടുകാർക്ക് ??..ഒന്നാശ്വസിപ്പിയ്ക്കാമെന്നു വച്ചു വന്നാൽ അതിനൊരവസരം തരില്ലെന്ന് വച്ചാൽ .. "അല്ലെങ്കിലും കുട്ടൻ നായർ..അയാൾ ഇങ്ങനെയൊക്കെ തന്നെയാ..പണ്ടേ ഒരു നിഷേധി!!.." പിരിഞ്ഞു പോകുമ്പോൾ ജനം പിറുപിറുത്തു ..




ശനിയാഴ്‌ച, ഏപ്രിൽ 09, 2016

മടക്കം

എട്ടു ദിവസം  മുന്പൊരു പ്രഭാതത്തിലാണ് എവിടേയ്ക്കെന്നില്ലാതെ അച്ഛൻ സുമലതയുടെ  ജീവിതത്തിൽ നിന്നപ്പ്രത്യക്ഷനായത്.ഭ്രാന്തു പിടിച്ച തിരച്ചിലുകൾക്കും ഓട്ടങ്ങൾക്കുമൊടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് ഒരു മധ്യാഹ്നത്തിൽ അവളെ തേടി ആ ഫോൺ സന്ദേശമെത്തി ..
ഒറ്റയ്ക്ക് പുറപ്പെടാൻ തീരുമാനിയ്ക്കുമ്പോൾ  അതിത്ര മേൽ ദുർഘടമായ  ഒരു യാത്രയാകും എന്നവൾ കരുതിയിരുന്നില്ല...ക്ഷീണം കാരണമായിരിയ്ക്കണം അവളൊന്നു മയങ്ങിപ്പോയി..ഉണർന്നപ്പോൾ വണ്ടി ചുരം കയറിത്തുടങ്ങിയിരുന്നു.മുടിയിഴകളെ പറത്തി ചുരം താണ്ടി വന്ന ശീതക്കാറ്റിൽ അച്ഛന്റെ മണമുണ്ടെന്നു തോന്നി സുമലത്യ്ക്ക് .

തീർത്തും സുതാര്യമായ ഒരു ബന്ധമാണ് തനിയ്ക്കും അച്ഛ്നുമിടയിൽ  എന്നാണിത്രയും കാലം അവൾ കരുതിയിരുന്നത്..എന്നാൽ അച്ഛന്റെ ഭൂതകാലം തേടിയ ആ ദിവസങ്ങളിൽ ,അവളൊന്നുമല്ലാതാകുകയായിരുന്നു.. പ്രണയത്തിൽ കലാശിച്ച ഒരു സൗഹൃദം,അതേ തുടർന്നു നാട്ടിൽ കോളിളിക്കമുണ്ടാക്കിയ ഒരു ഒളിച്ചോട്ടം,ഒടുവിൽ താൻ പിച്ച വച്ചു നടന്ന..,തന്നെ താനാക്കിയ ആ  മഹാനഗരത്തിന്റെ കാണാക്കയങ്ങളിലെയ്ക്കൊരു മുങ്ങാം കുഴിയിടൽ..അത്രയും മാത്രമേ തങ്ങളുടെ പൂർവകാലത്തെ കുറിച്ചു അമ്മയുമച്ഛനും പറഞ്ഞിട്ടുള്ളൂ, അഥവാ താൻ അറിഞ്ഞിട്ടുള്ളൂ....പറയാതെയും അറിയാതെയും പോയത്  വലിയൊരു സങ്കടക്കടലായ് അവൾക്കു മുന്നിൽ തിരയടിയ്ക്കുന്നത് ഒരു നടുക്കത്തോടെ അതിലേറെ കുറ്റബോധത്തോടെ അവൾ തിരിച്ചറിയുകയായിരുന്നു..

തീർത്തും  സൗമ്യനും സരസനുമായൊരാൾ..പരിമിതമായ സൗഹൃദങ്ങൾ....എന്നും അമ്മയുടെ നിഴലിലലിഞ്ഞു ചേർന്ന രൂപം, അതായിരുന്നു അവൾക്കച്ഛൻ.. പഴങ്കഥകളുടേയും പാട്ടുകളുടെയും ഒരു പെരുംഭാൺഡവും പേറി അച്ഛൻ അവളുടെ ബാല്യവും കൗമാരവും ഒരുത്സവമാക്കി മാറ്റി. പക്ഷേ ഏറ്റവും  സന്തോഷകരമായ ഒരു ബാല്യത്തിലൂടെ  താൻ കടന്നു പോകുമ്പോൾ എല്ലാ വാതിലുകളുമടച്ചച്ഛൻ തേങ്ങുകയായിരുന്നോ? തന്നെ പാടിയുറക്കിയിരുന്നോരാ നാട്ടുശീലുകൾക്കിടയിലൂടച്ഛൻ പറയാതെ പറഞ്ഞത് സ്വന്തം കഥയായിരുന്നോ?
സ്വന്തം ജീവിതം അവൾക്കു മുന്നിൽ  കണ്ണുകെട്ടികളിച്ചു..

ഈയിടെയായി അച്ഛനിൽ പടരുന്നോരസ്വസ്ഥത സുമലത  അറിയാതിരുന്നില്ല...പൊതുവെ അന്തർമുഖനായ അച്ഛനിൽ പതിവില്ലാത്ത വിധം വിഷാദം കൂടുകൂട്ടുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.അമ്മയുടെ ആകസ്മിക മരണം സൃഷ്ടിച്ച കടുത്ത ഏകാന്തതയായിരിക്കും കാരണമെന്ന് കരുതി അവൾ.എന്നാൽ അച്ഛനെ കടപുഴക്കിയെറിയാൻ പാകത്തിൽ ഒരു ചുഴലിയാണുള്ളിൽ  രൂപം കൊള്ളുന്നതെന്നറിഞ്ഞില്ല...

വഴി ചോദിച്ചു മനസ്സിലാക്കി,ഇടവഴി താണ്ടി വയലിലേയ്ക്കിറങ്ങുമ്പോൾ അവളോർത്തു,അച്ഛന്റെ കാൽ പതിഞ്ഞ നടവരമ്പുകൾ.... വിയർപ്പടർന്നു വീണ മണ്ണ്..ഈ മണ്ണിൽ പെയ്ത മഴയിലൊരുകാലം അച്ഛനാവോളം നനഞ്ഞിരുന്നു..
അവളറിഞ്ഞു അച്ഛനൊരു വികാരമായി ധമനികളിൽ  നിറയുന്നത് ..സിരകളിൽ പടരുന്നത്..

സന്ധ്യ വീണു ചുവന്ന ആ  പാടം മുറിച്ചു കടന്നക്കരെയെത്തിയപ്പോൾ  സുമലത കണ്ടു അങ്ങേ അറ്റത്തെ ആൽമരച്ചോട്ടിലെ പരിചിതമായ ആ നിഴലനക്കം..
"അച്ഛൻ" ചുണ്ട് വിതുമ്പി അറിയാതെ ..

എന്ത് പറയണമെന്നറിയാതെ സുമലത മുന്നിൽ ചെന്നു നിന്നപ്പോൾ മുഖമുയർത്തി,ചിരിച്ചെന്നു വരുത്തി.. പിന്നെ പരീക്ഷയിൽ തോറ്റ കുട്ടി പലയാവർത്തി മനസ്സിൽ പറഞ്ഞുറപ്പിച്ചു പറയും പോലെ നിസ്സംഗനായി അവളുടെ കണ്ണുകളിലേയ്ക്കുറ്റുനോക്കിക്കൊണ്ടയാൾ  പറഞ്ഞു ..

"നീ തേടി വന്ന ശിവശങ്കരപ്പണിയ്ക്കരല്ല,കുഞ്ഞേ ഞാൻ .. ഈ മണ്ണിൽ  പണ്ട് സ്വർണം വിളയിച്ച.., നിന്റെ അമ്മവീട്ടുകാരെ പന്ത്രണ്ടടി അകലത്തിൽ നിന്ന് മാത്രം കണ്ടിരുന്ന..,കേളന്റേയും ചിരുതയുടേയും മകൻ  ശംഭുവാണു  ഞാൻ .."

ആട്ടം കഴിഞ്ഞ് ഒരു കഥകളി നടൻ ചായവും ചമയവുമഴിയ്ക്കും പോലെ   അവൾക്കു മുന്നിൽ അയാൾ താനിത്ര നാൾ കെട്ടിയാടിയൊരു വേഷം അഴിച്ചു വച്ചു .പത്തു നാൽപ്പതു വർഷങ്ങൾക്കപ്പുറത്തെന്നോ തഴുതിട്ടടച്ച ഒരു ഇരുമ്പു വാതിൽ തള്ളി തുറന്നയാൾ പുറത്തിറങ്ങി..സ്വാതന്ത്ര്യത്തിലേയ്ക്ക്..മുറിവേറ്റ സ്വത്വ ബോധത്തിലേയ്ക്ക് ..

തന്റെ ഓർമകൾക്ക് മേലെ ഒരു മണൽക്കാറ്റ് വീശിയടിയ്ക്കുന്നത് സുമലത യറിഞ്ഞു

അവൾ പതിയെ അച്ഛനരികെയിരുന്നു..കൈകൾ ചേർത്തു പിടിച്ച് ,ആ തോളിൽ തല ചായ്ച്ച്,തൊണ്ടയിടറാതിരിയ്ക്കാൻ ആവത് പണിപ്പെട്ട് പറഞ്ഞു..

"അച്ഛാ... ഞാൻ..ഞാനീ ശംഭുവിന്റെ മകളാണ്...,സുമലത..."

ഒരു ഊഷരകാലത്തിന്നോർമ്മ  മുഴുവൻ മായ്ച്ച്  അച്ഛന്റെ ഉള്ളിൽ പെയ്യുന്ന മഴയിൽ താനും നനയുന്നത്  സുമലതയറിഞ്ഞു.

ബുധനാഴ്‌ച, ഏപ്രിൽ 06, 2016

കാലം..കണ്ണാടി..


ചുണ്ട് കൂർപ്പിയ്ക്കും,ബാല്യം... 

          എനിയ്ക്കൊരു മഷിത്തണ്ടു വേണം
          നീയെന്റെ കറുത്ത സ്ലേറ്റിൽ കോറിയിട്ട
          വെളുത്ത തോന്ന്യാക്ഷരങ്ങൾ മായ്ക്കാൻ ...

പൂത്തു ചുവക്കും,കൗമാരം... 

           എനിയ്ക്കൊരു മഴവില്ല് വേണം
           എന്റെ മനസ്സിലെ നിന്റെ ചുവരെഴുത്തുകൾ
           പുതുവർണ്ണം  വീശിയൊളിപ്പിയ്ക്കാൻ..

കുതിര വേഗം,യൗവ്വനം... 

             എനിയ്ക്കൊരു രക്തപുഷ്പം വേണം
             നിന്റെ 'വിധിയെ' ചെറുത്തെന്റെ
             തലവര മായ്ക്കാൻ..

വെയിൽപ്പടവിറങ്ങും,മദ്ധ്യാഹ്നം...

          എനിയ്ക്കൊരു തൂവാല വേണം
          നീ പാറ്റിയോരാ പതിരിൻ ധൂളി പാറി
          കലങ്ങിയോരെൻ,മിഴി തുടച്ചീടുവാൻ

വാതിൽ വലിച്ചടയ്ക്കും,വാർദ്ധക്യം...  

          എനിയ്ക്കൊരു തുണ്ടു പഞ്ഞി വേണം
          നീ മുനയാഴ്ത്തിയ വാക്കിന്റെ
          വക്കേറ്റിറ്റുന്ന രക്തമൊപ്പി  മറയ്ക്കാൻ   

ചൊവ്വാഴ്ച, ഏപ്രിൽ 05, 2016

പാഠം ഒന്ന് : വിശപ്പ്

   ഉച്ചമയക്കം പാതി മുറിഞ്ഞെഴുന്നേറ്റാൽ  പിന്നന്നു മുഴുവൻ തലവേദനയാണ് അനുപമയ്ക്ക്...... വരാനിരിയ്ക്കുന്ന തലവേദനയെ കുറിച്ചോർത്ത് ആരെയൊക്കെയോ പ്രാകി പ്രാകിയാണ് അവളെഴുന്നേറ്റത്.  തന്റെ ഉറക്കം കളഞ്ഞ പുറത്തെ ബഹളമെന്തെന്നറിയാൻ വാതിൽ  തുറന്നു ബാൽക്കണിയിലേയ്ക്കിറങ്ങിയ അനുപമ     പക്ഷേ, പ്രതീക്ഷിച്ചതൊന്നുമല്ല അവിടെ  കണ്ടത്..പതിവില്ലാത്തൊരാൾക്കൂട്ടവും, സ്ത്രീകളുടെ കരച്ചിലും, ഫയറെഞ്ചിനും എല്ലാം കൂടി.. എന്തോ  ഒരു ദുരന്തം സംഭവിച്ചിരിയ്ക്കുന്നു എന്നവൾ മനസ്സിലാക്കി..ഏറെ  നേരം ബാൽക്കണിയിലെ ഇരുമ്പഴികളിൽ പിടിച്ചു  നോക്കി നിന്നിട്ടും അവൾക്കു കാര്യം എന്തെന്ന് മാത്രം വ്യക്തമായില്ല..

വൈകുന്നേരം കളികഴിഞ്ഞെത്തിയ മകൻ പറഞ്ഞാണ്‌ അവൾ വിവരമറിഞ്ഞത്..ആദ്യമൊരു ഞെട്ടലോടെയും പിന്നെ, മറ്റുള്ളവർക്കെന്തെങ്കിലും ദുരന്തം  സംഭവിയ്ക്കുമ്പോൾ  മാത്രം നമുക്കനുഭവപ്പെടുന്ന  ഗൂഡഡമായ ഒരാനന്ദം കലർന്ന സഹതാപത്തോടും കൂടി അവൾ ബാൽക്കണിയിലേയ്ക്കോടി...ഏറെ പണിപ്പെട്ടു നോക്കിയിട്ടും സീറോ വാട്ട്സിന്റെ മങ്ങിയ മഞ്ഞ  വെളിച്ചത്തിൽ അവൾക്കൊന്നും  വ്യക്തമായില്ല..ഇരുട്ട് കീറിമുറിച്ചെത്തിയ  ഒരു മെല്ലിച്ച കരച്ചിൽ മാത്രം അവൾ കേട്ടു..ഏറിയും കുറഞ്ഞും ഇടയ്ക്കിടെ കനത്ത നിശ്ശബ്ദതയിലാണ്ടും  രാത്രി മുഴുവൻ ആ വിറയാർന്ന ശബ്ദമവളെ  അലോസരപ്പെടുത്തി..

ജോലി കഴിഞ്ഞെത്തിയ ഭർത്താവിനോട്  ഉള്ളിലുള്ള സങ്കടത്തിന്റെ ഒരു പത്തിരട്ടിയെങ്കിലും  ശബ്ദത്തിലും  ഭാവത്തിലും വരുത്തി അവൾ ആ വാർത്ത പറഞ്ഞു..
 "നമ്മടെ കാറ് കഴുകാൻ വരണ  ആളില്ലേ.. ഏതു നേരവും പാനും ചവച്ചു നടക്കുന്ന ആ ഹിന്ദിക്കാരൻ...(അപ്പോഴാണ് തനിയ്ക്കയാളുടെ പേരു പോലുമറിയില്ല എന്നവൾ തിരിച്ചറിഞ്ഞത്)  അയാളുടെ കുഞ്ഞ്, വെള്ളമെടുക്കണ  സംപിൽ വീണു മരിച്ചത്രേ..ഇന്നുച്ചയ്ക്ക്...തീരെ ചെറ്യെ  കുഞ്ഞാണ് പോലും ..ന്തൊരു കഷ്ടാല്ലേ..ഇനീള്ള അവരടെ ജീവിതാണ്  ദുരിതം ...."

" ഒന്ന് പതുക്കെ പറയ്‌...ഇനി ഇത് മതി ,അവൻ രാത്രി സ്വപ്നം കണ്ടു പേടിയ്ക്കാൻ ..അയാൾ  അവളെ നോക്കി കണ്ണുരുട്ടി..

"മോനൊക്കെ അറിയാം.. അവനാ എന്നോടു പറഞ്ഞേ..." അവളനിഷ്ടം പ്രകടിപ്പിച്ചു കൊണ്ടു പറഞ്ഞു.. 

 അന്ന് രാത്രി ഉറക്കത്തിലേയ്ക്കു വീഴുമ്പോഴെല്ലാം ആരോ തന്റെ കാൽ  പിടിച്ചു വെള്ളത്തിലേയ്ക്കാഴ്ത്തുന്ന  സ്വപ്നം കണ്ട്  അനുപമ ഞെട്ടിയുണർന്നു ..വിടാതെ പിന്തുടരുന്ന തലവേദനയും അലോസരപ്പെടുത്തുന്ന സ്വപ്നങ്ങളുമായി അവളാ രാത്രി എങ്ങനെയൊക്കെയോ തള്ളി നീക്കി ...
          
പിറ്റേന്നു രാവിലെ  ഭർത്താവോഫീസിൽ പോകാൻ ഇറങ്ങും നേരത്താണ്  അപ്രതീക്ഷിതമായി അയാൾ കാർ കഴുകാൻ  വന്നത്.. കാറിന്റെ താക്കോലെടുത്ത് കൊടുത്ത് കൊണ്ടു ഭര്ത്താവ് അവളോടായിപ്പറഞ്ഞു
 "ഇപ്പൊ കണ്ടില്ലേ... ഇത്രേ ഉള്ളൂ,  ഇവരുടെയൊക്കെ സങ്കടം...എത്ര കുട്ട്യോളുണ്ടെന്നു പോലും നിശ്ചയണ്ടാവില്ല്യ... ..നിന്റെ ഒരൂസത്തെ ഉറക്കം പോയത് മാത്രം മിച്ചം .."  
 അവർ  പറയുന്നതൊന്നും ശ്രദ്ധിയ്ക്കാതെ,ഒന്നും മനസ്സിലാകാതെ, താക്കോലും വാങ്ങിക്കൊണ്ടയാൾ  നടന്നു നീങ്ങുന്നത് അവൾ നോക്കി നിന്നൂ.. 

എല്ലാവരും പോയ്ക്കഴിഞ്ഞാൽ  അനുപമ സ്ഥിരമായി ബാൽക്കണിയിൽ പോയിയിരിയ്ക്കും, കുറച്ചു നേരം..കഴിഞ്ഞ നാല് വർഷങ്ങളായി  അനുപമ പുറം ലോകവുമായി കൂടുതൽ നേരവും സംവദിയ്ക്കുന്നത്  ഈ ഇരുമ്പഴിക ൾക്കിടയിലൂടാണ്..അനുപമയ്ക്ക് ചുറ്റും ആരും ഒരു  രേഖയും  വരച്ചിരുന്നില്ല .  അവൾക്കു വര വരച്ചതും നിയന്ത്രിച്ചതും അവൾ തന്നെ ആയിരുന്നു .. ഒരു പക്ഷെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ അവൾ അത് കവച്ചു വച്ചേനെ..മറ്റൊരാളുടെ  നിശ്വാസം പോലും താങ്ങാൻ വയ്യാത്തത്ര ക്ഷീണവുമായി രാത്രി വന്നു കേറുന്ന ഭർത്താവിനും  സ്വതവേ മൗനത്തിലാണ്ട മകനുമിടയിലെ  ആരും കാണാത്ത, അറിയാത്ത പാലമായിരുന്നു അനുപമ.

  നാല് വർഷം  മുൻപാണ്  പുതുതായി വാങ്ങിച്ച ആ ഫ്ലാറ്റിലേയ്ക്കു  അവർ താമസം മാറിയത്..കായലിലേയ്ക്ക് തുറക്കുന്ന ബാൽക്കണിയോട് കൂടിയ ആ  കിടപ്പുമുറി അനുപമയുടെ നിർബന്ധമായിരുന്നു..പക്ഷെ നേരത്തേ ഉറക്കമുണരുന്ന ഓരോ  പ്രഭാതത്തിലും  അവൾ കണ്ടത് കായലായിരുന്നില്ല, മറിച്ച് ഫ്ലാറ്റിനഭിമുഖമായി കെട്ടിപ്പൊക്കിയിരിയ്ക്കുന്ന.. തകരയും, ടാർപോളീനും  വച്ച് തിരിച്ച  കൂരകളിൽ നിന്നും  പ്രഭാത കൃത്യങ്ങൾക്കായി ഇരുട്ടിന്റെ മറ പിടിച്ചു കായൽ  ലക്ഷ്യമാക്കി നീങ്ങുന്ന ആൾ രൂപങ്ങളെ  ആയിരുന്നു. 

അന്നും കാഴ്ച്ചകൾക്കൊന്നും  ഒരു മാറ്റവുമുണ്ടായിരുന്നില്ല..പുതുതായി വരുന്ന  കെട്ടിടത്തിന്റെ പണിയിൽ ഏർപ്പെട്ടിരിയ്ക്കുന്ന  സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പണിക്കാർ ...വിജനമായ അവരുടെ കൂരകൾ.. ..കെട്ടിടത്തിന്റെ തണലിൽ ആരുടെയോ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ മയങ്ങുന്ന കൊച്ചു കുഞ്ഞ്..കൂട്ടിയിട്ട സിമന്റിൽ കാൽ പുതച്ച്  ഷൂസിട്ടു കളിയ്ക്കുന്ന  ചെമ്പൻ മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമിട്ട  കറുപ്പും   ചുവപ്പും കലർന്ന  കുട്ടികൾ..എല്ലാം പതിവ് പോലെ... മുറ തെറ്റാതെ...ഇവർക്കിടയിലെവിടെയോ ഇന്നലെ കുഞ്ഞ് മരിച്ച ഒരു അമ്മയുമുണ്ട്  അവളോർത്തു..

അനുപമയുടെ ചിന്തകൾക്ക്  വിരാമമിട്ട് , താക്കോൽ തിരിച്ചേൽപ്പിയ്ക്കനായി അയാൾ  വന്നു..ഒരു ദുരിതകാലത്തിന്റെ മുഴുവൻ ക്ഷീണവും കല്ലച്ചു  കിടക്കുന്ന  ആ മുഖത്തേയ്ക്കു  ആദ്യമായിട്ടായിരുന്നു അനുപമ അത്ര സൂക്ഷിച്ചു നോക്കുന്നത്..എത്രയോ കാലമായി  താൻ കാണാറുള്ള അയാളെ അന്നാദ്യമായ് കാണുകയാണെന്ന് തോന്നി അവൾക്ക്....ധൈര്യം ചോര്ന്നു പോകാതിരിയ്ക്കാൻ താക്കോലിൽ അമര്ത്തിപ്പിടിച്ചു  കൊണ്ട്  തനിയ്ക്കറിയാവുന്ന ഹിന്ദിയിലവൾചോദിച്ചു..

"ഭയ്യാ..ആപ്കാ ബേട്ടാ ഹൈൻ നാ  കൽ ..."

അയാൾ നിർവികാരനായി  തലയാട്ടി ..പിന്നെന്തിനാണിന്നു  ജോലിയ്ക്ക് വന്നതെന്ന അവളുടെ ചോദ്യത്തിന് മുൻപിൽ കണ്ണുകൾ  താഴ്ത്തി അയാൾ നിന്നു..പിന്നെ അവളുടെ കണ്ണുകളിലേയ്ക്ക് രൂക്ഷമായി നോക്കിക്കൊണ്ടു മധ്യപ്രദേശിലെ ഏതോ ഉൾനാടൻ ഗ്രാമത്തിന്റെ ചുവയുള്ള ഹിന്ദിയിൽ   പറഞ്ഞു ..

എനിയ്ക്ക് ഒന്നല്ല, നാല് മക്കൾ ഉണ്ട്... അവർക്ക്  വിശക്കില്ലേ? 

കോപം കൊണ്ടും  സങ്കടം കൊണ്ടും അയാൾ  വിറച്ചു.
പിന്നെ പതുക്കെ ,വളരെപ്പതുക്കെ അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ   അയാൾ തന്റെ ജീവിത ചിത്രം വരച്ചു..

അയാളുടെ പേര് , തപ്തീ നദിക്കരയിലെ വീട് .. വയൽ ...ഒരു നാടിനു മുഴുവൻ ശാപമായി നദിയിലുയർന്നു വന്ന അണക്കെട്ട് ..അതിൽ മുങ്ങിപ്പോയ കൃഷിയിടങ്ങൾ ..കിടപ്പാടം..വെള്ളക്കെട്ടിനെതിരെ സമരം ചെയ്ത നാട്ടുകാർക്ക് പകരം കിട്ടിയ ഒരിറ്റു നീരില്ലാത്ത,പുല്ലുപോലും മുളയ്ക്കാത്ത  പാറപ്പുറം..ഉണ്ണാനില്ലാത്ത..,  ഉടുക്കാനില്ലാത്ത.., വറുതിയുടെ  നാളുകളിലൊന്നിൽ കണ്മുന്നിൽ  വിശന്നു മരിച്ച മകൾ.. മനസ്സ് മടുത്ത് ഭാര്യയേം കൂട്ടി  പലായനം ചെയ്തിട്ടിപ്പോൾ പന്ത്രണ്ട് വർഷം..ഒരിയ്ക്കൽ  പോലും തിരിച്ചു പോകാൻ കഴിഞ്ഞില്ല.. മാതാപിതാക്കളും കൂടപ്പിറപ്പുകളും എവിടെയെന്നറിയില്ല...ചിതറിപ്പോയ..,ചിന്നഭിന്നമായിപ്പോയ  ഒരു കുടുംബം...

ഞങ്ങളോരോരുത്തർക്കുമുണ്ട് ഓരോ കഥകൾ .. ദാരിദ്ര്യത്തിന്റെ,കലാപങ്ങളുടെ, വികസനങ്ങളുടെ ,ഭൂമി കുലുക്കത്തിന്റെ,വെള്ളപ്പൊക്കത്തിന്റെ...
പക്ഷെ എല്ലാ കഥകളും എത്തി നിൽക്കുന്നതൊരിടത്താണ്..
'വിശപ്പ്....' 
അതിനേക്കാൾ  വലിയ ഒരു  സത്യമില്ല..
അയാൾ  പറഞ്ഞു നിർത്തി..പിന്നെ ആരോടോ പക തീർത്ത പോലെ വേഗത്തിൽ നടന്നകന്നു..

ഒരുപാടു ദിവസങ്ങൾക്ക്  ശേഷം അനുപമ അന്ന് തന്റെ വീടിന്റെ എല്ലാ വാതിലുകളും, ജനലുകളും തുറന്നിട്ടു...കായൽക്കരയിൽ നിന്നും  തണുത്ത കാറ്റേറ്റി വന്ന  നീറുന്ന  വിങ്ങൽ അന്നാദ്യമായി  അവൾ തിരിച്ചറിഞ്ഞു

ഞായറാഴ്‌ച, ഏപ്രിൽ 03, 2016

അക്ഷര വിരോധികളോട്


എഴുത്തു പാപമാകുമ്പോൾ,

എഴുതുന്നവർ കുരിശേറ്റപ്പെടുമ്പോൾ,

കറുപ്പിൽ മയങ്ങി നിങ്ങൾ ,

വെളിച്ചത്തിനോട്ട കുത്തുമ്പോൾ ..

അറിഞ്ഞു കൊള്ളുക!

വെട്ടുന്നതിരിയ്ക്കും കൊമ്പെന്ന് ..

ആഴമെടുക്കുന്നത് ,

സ്വന്തം ശവക്കുഴിയ്ക്കെന്ന് ..
 
                                                             
    

വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2016

നിഴൽയുദ്ധം

കോട്ട വാതിലുകൾ,
എനിയ്ക്ക് മുന്നിൽ അടയ്ക്കപ്പെട്ടിരിയ്ക്കുന്നു ..
ഇരുട്ട് കലർന്ന നീലവെളിച്ചം
മിഴികളിൽ പെയ്തിറങ്ങുന്നു ..
വീണുടഞ്ഞ കണ്ണാടിച്ചില്ലുകളിൽ,
ഒരായിരം പ്രതിബിംബങ്ങൾ !
അവയുടെ നോക്കിൽ ,വാക്കിൽ
അപരിചതത്വത്തിന്റെ  തീവ്രനോവ്..
'വെട്ടിത്തെളിയ്ക്കപ്പെട്ട പാതകൾ തന്നെയോ നിനക്കും?'
നിശ്ശബ്ദ ചോദ്യങ്ങളിൽ,
കനക്കുന്ന പരിഹാസം ..
മൂർച്ചയേറിയ വാൾത്തലപ്പിനാൽ
മൗനമെന്റെ നാവറക്കുന്നു..
ഉള്ളു നീറ്റി ഞാൻ വാർത്തെടുത്തതെല്ലാം
ഒരു പിടി കടും ചാരമായ് പാറുന്നൂ  ചുറ്റിലും ..
ചിതൽ തിന്നുന്ന ചേതന ...
പാതി മായ്ക്കപ്പെട്ട ചിത്രമാകുന്നു ഞാൻ ..
തെളിയും  തോറും  മാഞ്ഞു പോകുന്ന
ഏതോ ഒരു പഴയ ഓർമ്മയുടെ നിഴൽ മാത്രമാകുന്നു ...