ചൊവ്വാഴ്ച, ഏപ്രിൽ 19, 2016

നിഷേധി

ഏഴു രാവും ഏഴു പകലും കണ്ണിമ ചിമ്മാതെ കാവലിരുന്നിട്ടും,കുട്ടൻ നായരുടെ കണ്ണുവെട്ടിച്ച്,ദീനാമ്മയുടെ പളുങ്ക് ഹൃദയത്തിൻ തുടിപ്പുമായ് കാലൻ കടന്നു കളഞ്ഞു..നിസ്വാർത്ഥ പ്രണയമെന്തെന്നു സ്വന്തം ജീവിതം കൊണ്ട് ലോകത്തെ പഠിപ്പിച്ച കുട്ടൻ നായരുടെ കണ്ണുകളിലേയ്ക്ക് നാട്ടുകാർ  ഉറ്റുനോക്കി.ഒരു തുള്ളി വെള്ളമെങ്കിലും അടർന്നു വീഴുന്നത് കാണാൻ..
പക്ഷെ കുട്ടൻ നായർ കരഞ്ഞില്ല..ചിരിച്ചില്ല ..മാവ് വെട്ടുന്നവർക്കൊപ്പം ചേർന്നയാൾ മാവ് വെട്ടി..വിറകൊതുക്കി..,ചകിരിയും, ചിരട്ടയും  തയ്യാറാക്കി..ദീനാമ്മയെ കുളിപ്പിച്ച് വെള്ളപുതപ്പിച്ച് കിടത്തി..തെമ്മാടി ക്കുഴിയിലേ അടക്കൂ എന്ന്  ശഠിച്ച പള്ളിക്കാരെ വെല്ലുവിളിച്ച്,സ്വന്തം പറമ്പിൽ ചിതയൊരുക്കി അടക്കി.അപ്പോഴെങ്കിലും നാട്ടുകാർ കാത്തു.. ഒരു തുള്ളി...അതുണ്ടായില്ല കണ്ണ് കൊണ്ട് കരയാനറിയാത്ത കുട്ടൻ നായർ പക്ഷേ തന്റെ സങ്കടം മുഴുവൻ വിയർപ്പായൊഴുക്കി ..ശരീരം കൊണ്ട് കരഞ്ഞു ..അത് പക്ഷെ നാട്ടുകാർ കണ്ടില്ല..അറിഞ്ഞില്ല..."വല്ലാത്ത ഒരു മനുഷ്യൻ തന്നെയപ്പാ.."അവർ നെടുവീർപ്പിട്ടു..മൂക്കത്ത് വിരൽ വച്ചു ..

അല്ലേലും കുട്ടൻ നായർ അങ്ങനെയൊക്കെ  തന്നെയായിരുന്നു.എന്നും നാട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചവൻ..നിഷേധി..തന്റെതല്ലാത്ത തെറ്റിനു തന്നെ തല്ലിയ  സാറിന്റെ കയ്യിൽ  നിന്ന് ചൂരൽ  പിടിച്ചു വാങ്ങിയ കാലം മുതൽ തുടങ്ങിയതാണ്‌ കുട്ടൻ നായരുടെ നിഷേധങ്ങൾ ..  പഠിപ്പിൽ  മിടുക്കനായിരുന്നവൻ.. എന്തായാലും ഒരു സർക്കാർ ഉദ്യോഗം വാങ്ങും എന്നു കരുതിയ നാട്ടുകാരെ മുഴുവൻ വിഡ്ഢികളാക്കി കുട്ടൻനായർ പുരയിടത്തിൽ കൃഷിപ്പണി തുടങ്ങി,പാടത്ത് നെല്ലിറക്കി...ഇങ്ങനെ ചെറുതും വലുതുമായ നിഷേധിക്കലുകളിലൂടെ കുട്ടൻ നായർ നാട്ടുകാരെ നട്ടം തിരിച്ചു.

എന്നാൽ നാട്ടുകാർക്ക്  മുന്നിൽ കുട്ടൻ നായരെ  ഏറ്റവും  വലിയ നിഷേധിയാക്കി മാറ്റിയ തീരുമാനം മറ്റൊന്നായിരുന്നു.അയാളുടെ ചെറിയ ചെറിയ ധിക്കാരങ്ങളൊക്കെ സഹിച്ച നാട്ടുകാരെ  ഏറെ പ്രകോപിതരാക്കിയത്, ഒരുമിച്ച് കളിച്ച്,ഒരേ മഷിത്തണ്ട് പകുത്ത്, ഒരുമിച്ച്  ഈറോലിപ്പഴം തിന്ന് നടന്ന ,ഒരേ സ്കൂളിൽ തന്നെക്കാൾ ഒരു ക്ലാസ്സ് മേലെ പഠിച്ച ദീനാമ്മയെ കുട്ടൻനായർ  കെട്ടിയതാണ്‌..അതും വലിവുകാരി ദീനാമ്മയെ.." ഒത്ത പൊക്കവും വണ്ണവും,കരിവീട്ടി പോലത്തെ ഉറച്ച ശരീരവുമുള്ള കുട്ടൻ നായർക്ക് ചേർന്ന പെണ്ണാണോ സപ്തനാഡികളും എടുത്തു പിടിച്ച് സ്വതവേ വിടർന്ന കണ്ണുകൾ പിന്നെയും തുറിച്ച് എന്തിനെന്നില്ലാതെ ശ്വാസംമുട്ടിപ്പിടയ്ക്കുന്ന നീർക്കോലി പോലെയുള്ള ദീനാമ്മ? അതും അന്യമതസ്ഥ!!..." ജനം മുഖത്തോടു മുഖം നോക്കി.പ്രബുദ്ധരായ അവർ പ്രതികരിച്ചു.പള്ളിക്കമ്മിറ്റി കൂടി ദീനാമ്മയെ പുറത്താക്കി.അമ്പലക്കമ്മിറ്റി തങ്ങളേറ്റെടുക്കില്ലെന്നാവർത്തിച്ചു പറഞ്ഞു. അങ്ങനെ ദീനാമ്മ ആർക്കും വേണ്ടാത്തവളായി.കുട്ടൻ നായർക്ക് മാത്രം വേണ്ടപ്പെട്ടവളായി.

നിങ്ങൾ വിചാരിയ്ക്കും പോലെ കടുത്ത പ്രണയം മൂത്ത് കെട്ടിയതൊന്നുമല്ല കുട്ടൻ നായർ ദീനാമ്മയെ.സത്യം പറഞ്ഞാൽ കെട്ടും വരെ കുട്ടൻ നായർക്ക്  ദീനാമ്മയോടു അത്തരത്തിലുള്ള ഒരു വികാരമേ ഉണ്ടായിരുന്നില്ല.ഒരു മനുഷ്യത്വത്തിന്റെ പേരിൽ കളിക്കൂട്ടുകാരിയുടെ കൈപിടിച്ചതാണ് കുട്ടൻ നായർ.

ചെറുപ്പത്തിലേ അപ്പൻ മരിച്ച ദീനാമ്മയുടെ  സ്ഥിരം ശത്രുവായിരുന്നു ആസ്ത്മ.ആ കാരണം കൊണ്ടു തന്നെയാണ് അമ്മച്ചി ശോശന്ന ആവതു ശ്രമിച്ചിട്ടും,ദീനാമ്മയ്ക്കൊരു നല്ലബന്ധം ശരിയാവാതെ പോയത്. അങ്ങനെ കാലം കടന്നു പോകെയാണ്,ഒരു തുലാവർഷ സന്ധ്യയ്ക്ക് തകർത്ത് പെയ്ത മഴയ്ക്കിടയിൽ താഴ്ന്നിറങ്ങി വന്ന ഒരിടിവാൾ ശോശന്നയെ പുണർന്നെരിച്ചത്..അതോടുകൂടി അനാഥയായിപ്പോയി ദീനാമ്മ..  പിന്നീടുള്ള രാത്രികളിൽ,ഒരുതുള്ളി ശ്വാസത്തിനായുള്ള ദീനാമ്മയുടെനിലവിളി കാറ്റിനേയും മഴയേയും കീറിമുറിച്ച് വെറുമൊരിടവഴിയ്ക്കപ്പുറമുള്ള  കുട്ടൻ നായരുടെ ജനൽപ്പാളികളിൽ ചെന്നലച്ചു.തന്റെ കൈ പിടിച്ചു നടന്നിരുന്ന കൂട്ടുകാരി ഒരു വീടപ്പുറം രാവും പകലും നിറയുന്ന ഇരുട്ടിൽ ഒറ്റയ്ക്കുരുകുന്നത് അയാൾക്ക്‌ സഹിയ്ക്കാനായില്ല.അങ്ങനെയാണ് കുട്ടൻ നായർ ദീനാമ്മയ്ക്ക് തുണയാകാൻ തീരുമാനിച്ചത് ..പിന്നെ ഇണയായതും.

പക്ഷെ ഇതൊക്കെ പറഞ്ഞാൽ  ആരെങ്കിലും വിശ്വസിയ്ക്കുമോ?  "എല്ലാം വെറുതെ പറയുന്നതല്ലേ ..ഇതസ്ഥിയ്ക്ക് പിടിച്ച പ്രേമമല്ലേ.. നമ്മളിതൊക്കെത്ര കണ്ടിരിയ്ക്കുന്നു .." ഇതാണ് നാട്ടുകാരുടെ പക്ഷം.
പക്ഷമേതുതന്നെയായാലും കുട്ടൻ നായർ  ജീവിച്ചു..ദീനാമ്മയ്ക്കൊപ്പം തന്നെ..നീണ്ട ഇരുപത്തിനാല് കൊല്ലം..പണ്ടേ നിഷേധിപ്പട്ടം ചാർത്തിക്കിട്ടിയത് കൊണ്ട് കൈ വന്ന സ്വാതന്ത്ര്യത്തിന് ഒട്ടും കുറവ് വരുത്താതെ തന്നെ..

കെട്ടുകഴിഞ്ഞു രണ്ടാം മാസം മുതൽ തുടങ്ങിയ നാട്ടുകാരുടെ വിശേഷാന്വേഷണങ്ങൾ മരുന്ന് നിർദേശത്തിലേയ്ക്കും, ഉരുളി കമിഴ്ത്തലിലേയ്ക്കും കടന്ന് ഒടുവിൽ ദീനാമ്മയെ കുട്ടൻ നായരുടെ ചോറുണ്ട് കൊഴുക്കുന്ന,വെറും മച്ചിയായി ചാപ്പകുത്താനൊരുങ്ങിയ അഞ്ചാം വർഷത്തിലാണ് കുട്ടൻ നായർ അവർക്കെതിരെ തന്റെ അടുത്ത ശരം തൊടുത്തു വിട്ടത്. "അവൾക്കാണ്‌ കേടെന്ന് ആരാടാ നിന്നോടൊക്കെ പറഞ്ഞത്? കൊഴപ്പം എന്റെയല്ലെന്നു നിനക്കൊക്കെ എന്താ ഇത്ര ഉറപ്പ് ?.." ചായക്കടയിലിരുന്നു കുട്ടൻ നായർ  ഉറക്കെ പ്രസ്താവിച്ചു.കേട്ടവർ കേട്ടവർ വാ പൊളിച്ചു.പൊക്കത്തിനൊത്ത വണ്ണമുള്ള ,കൊമ്പൻ മീശയുള്ള കുട്ടൻ നായരുടെ ആണത്വം അന്നാട്ടിലൊരു ചോദ്യചിഹ്നമായി.

ഇങ്ങനെയൊക്കെ ദീനാമ്മയെ പ്രണയിച്ച,കാത്തു രക്ഷിച്ച കുട്ടൻ നായരാണ് ഒരു തുള്ളി കണ്ണുനീർ പോലുമൊഴുക്കാതെ നിൽക്കുന്നത് ..സഹിയ്ക്കുമോ നാട്ടുകാർക്ക് ??..ഒന്നാശ്വസിപ്പിയ്ക്കാമെന്നു വച്ചു വന്നാൽ അതിനൊരവസരം തരില്ലെന്ന് വച്ചാൽ .. "അല്ലെങ്കിലും കുട്ടൻ നായർ..അയാൾ ഇങ്ങനെയൊക്കെ തന്നെയാ..പണ്ടേ ഒരു നിഷേധി!!.." പിരിഞ്ഞു പോകുമ്പോൾ ജനം പിറുപിറുത്തു ..




14 അഭിപ്രായങ്ങൾ:

  1. വരികള്‍ക്കിടയിലെ നര്മ്മത്തില്‍ പൊതിഞ്ഞ വിമര്സനം രസകരമായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. സമൂഹത്തിന്റെ നടപ്പ് ശീലങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്നവർക്ക് "നിഷേധി" പട്ടം ചാർത്തുമ്പോൾ ഹൃദയമുള്ള മനുഷ്യർക്ക്‌ അത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ...

    മറുപടിഇല്ലാതാക്കൂ
  3. സമൂഹത്തിന്റെ നടപ്പ് ശീലങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്നവർക്ക് "നിഷേധി" പട്ടം ചാർത്തുമ്പോൾ ഹൃദയമുള്ള മനുഷ്യർക്ക്‌ അത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ...

    മറുപടിഇല്ലാതാക്കൂ
  4. കുട്ടൻ നായർ അങ്ങനെ ആയാൽ മതി.അതാ നല്ലത്‌.

    മറുപടിഇല്ലാതാക്കൂ
  5. കുട്ടൻ നായർ അങ്ങനെ ആയാൽ മതി.അതാ നല്ലത്‌.

    മറുപടിഇല്ലാതാക്കൂ
  6. ഇത് അയാളുടെ മാത്രം നോവാണ്. അതിൽ പങ്കുചേരാൻ മറ്റുള്ളവർക്ക് എന്തവകാശം. വേലിക്കെട്ടിനപ്പുറം സ്വാതന്ത്രമനുഭിവിക്കുന്നവർ എപ്പോഴും സമൂഹത്തിന് മുൻപിൽ നിഷേധിയാണ്. നല്ല കഥ.

    മറുപടിഇല്ലാതാക്കൂ