ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ആഹുതി

ഭോഗതൃഷ്ണകളുടെ ആഴക്കയങ്ങളില്‍
തലയറഞ്ഞു വീഴവേ,
ശബ്ദം വറ്റിയ തൊണ്ടയില്‍
സുഖത്തിന്റെ വഴുപ്പൂറവേ,
ചിന്തയുടെ തീനാമ്പുക‍ള്‍ക്കശ്രുപൂജ ചെയ്ത്
ഞാന്‍ നിന്റെ കമ്പിളിയ്ക്കകത്തഭയം തേടി..


രക്തം വറ്റിയ മിഴികളിലെ ഞരമ്പില്‍ പടരുന്നതു
നീലവിഷമാണെന്നറിഞ്ഞിട്ടും,
പുറത്തെ മഞ്ഞിലും
വിയര്‍ക്കുന്ന സ്വപ്നങ്ങളുണ്ടെന്നോര്‍ത്തിട്ടും,
നിന്റെ നെഞ്ചിന്‍ ചൂടിലേയ്‌ക്കമര്‍ന്നൂ ഞാന്‍..


ഹൃദയഭിത്തികള്‍ തകര്‍ത്ത്
നീ എന്റെ തലച്ചോറിലുഷ്ണമാകുമെന്നും,
ചവിട്ടി നില്ക്കുന്ന മണ്ണിലെ രക്തം
കാലടികളില്‍ പാപക്കറ തീര്‍ക്കുമെന്നും,
കണ്ഠത്തിലമര്‍ന്ന നിന്റെ നഖങ്ങള്‍
എന്റെ നൂല്‌പ്പാതയില്‍ കമ്പനങ്ങളുതിര്‍ക്കുമെന്നും,
ഞാന്‍ അറിഞ്ഞിരുന്നു..

എന്നിട്ടും,
തലമുറ പകര്‍ന്നു നല്‍കിയ
ജീവചൈതന്യമെല്ലാം ഹവിസ്സായര്‍പ്പിച്ച്,
കേവലഹര്‍ങ്ങളുടെ ഹോമകുണ്ഠത്തില്‍
ജന്മഹോമം നടത്തി,
ഒരു പിടി വെറും ചാരമായ്‌ത്തീര്‍ന്നു ഞാന്‍!!!


1 അഭിപ്രായം: