വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011

തർപ്പണം

ശിവഗംഗ ശാന്തയായൊഴുകുന്നു...
പാപഭാരം മുഴുവനൊഴുക്കി മുങ്ങിക്കയറുമ്പോള്‍,
സിരകളില്‍ ഓര്‍മ്മയുണരുന്നു...                                                  
ആ തീപ്പടര്‍ച്ചയില്‍,
നനവാര്‍ന്ന ഭൂതകാലത്തെരുവില്‍
ഞാന്‍ തനിയെ നില്‍ക്കുന്നു..



തീര്‍ത്ഥം വറ്റിയ തൊണ്ടയുമായി,
ഉമ്മറക്കോലായിലെ ചാരുകസേരയില്‍,
അച്ഛന്‍ ശബ്ദത്തിനായി കിതയ്ക്കുന്നു..
ചെളിപിടിച്ചിരുണ്ട പൂണൂലില്‍,
വിരലുകള്‍ മന്ത്രം ജപിയ്ക്കുന്നു..
പൊട്ടിയടര്‍ന്ന അടുക്കളനിലത്ത്,
അമ്മ നേദ്യച്ചോറു പങ്കിടുന്നു..
ഇളയവളെനിയ്ക്ക്,ഒരുരുള കൂടുതല്‍..
പാല്‍ വറ്റിയ മാറത്ത്,
എനിയ്ക്കു നേരെ ത്രസിയ്ക്കുന്ന സ്നേഹം!!
പക്ഷെ ,
ഒഴിഞ്ഞ വാഴയിലയില്‍
അവസാനത്തെ വറ്റു പരതുന്ന എന്റെ മിഴികളില്‍,
വിശപ്പു മാത്രം!!
ദ്രവിച്ച കഴുക്കോലുകള്‍ക്കടിയിലെ ദരിദ്രജീവിതം
കണ്ടു കൊതിച്ചത്,
വാതില്‍പ്പുറത്തെ വെള്ളിവെളിച്ചം..
കാണാതെ പോയത്,
മാതാവിന്റെ മിഴികളില്‍ തളം കെട്ടിനിന്ന
സ്നേഹത്തിന്റെ ലവണകുംഭം!
കേള്‍ക്കാതെ പോയത്,
രോഗം കാര്‍ന്ന തൊണ്ടയില്‍,
ശ്വാസം മുട്ടിപ്പിടച്ച പിതൃവാത്സല്യം!
അറിഞ്ഞത്, മെയ്യില്‍പ്പടര്‍ന്ന തീ മാത്രം!!!



എന്റെയൊരുരുള ചോറിനായി
കാലെമേറെ കാത്തിരുന്ന നിങ്ങള്‍ക്ക്
ഇന്നീ കാശിയുടെ പടവുകളില്‍,
എന്റെ ബലിതര്‍പ്പണം..
ഇതെന്റെ പ്രയശ്ചിത്തത്തിന്റെ മിഴിനീരുരുള..
കൊത്തിയെടുത്തെന്റെ തെറ്റുകുറ്റങ്ങള്‍ പൊറുക്കുക..



മനസ്സിലെ അഗ്നിയില്‍,
ഗംഗയുടെ പുണ്യം തളിച്ച്,
ആകാശച്ചെരുവില്‍ രണ്ടു നിഴല്‍ക്കാക്കകള്‍!
തലയ്ക്കു മീതെ വട്ടം വച്ച് പറന്നിറങ്ങിയവയിലൊന്ന്
ചുണ്ടുകള്‍ പിളര്‍ത്തി,കരയുവാനാകാതെ,
ദീനമായെന്നെ നോക്കുന്നു..
ഞാനറിയാതെയെന്നധരങ്ങള്‍

 വിതുമ്പുന്നു,"അച്ഛൻ ..."  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ