തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

സ്വപ്നാവശിഷ്ടം

പ്രണയം പറയാത്ത രാവുകള്‍ക്കു വിരാമമിട്ട്,
അയാളവളോട് പ്രണയം മൊഴിഞ്ഞു..
ചേര്‍ത്തണച്ച് കൈക്കരുത്തില്‍ താരാട്ടി..
ആലിംഗനങ്ങളില്‍ ഹൃദയം പകുത്തു..
അഴിഞ്ഞുലഞ്ഞ വാര്‍മുടിക്കാടിനടിയില്‍
സ്വയമൊളിച്ചു..
അയാളൊരു തീപ്പിടിച്ച വേനല്‍ക്കാടായി...
വേനല്‍ പൊള്ളിച്ച വാകപോല്‍ ചുവന്നൂ അവള്‍...


എന്തോ പൊട്ടുന്ന ശബ്ദത്തില്‍
ഒരോര്‍മ്മത്തെറ്റുപോല്‍ ഞെട്ടിപ്പിടഞ്ഞുണരവേ ,
ജാലകവിടവിലൂടവള്‍ കണ്ടു
തെക്കേ പറമ്പില്‍ ആളുന്ന ചിത..
നിറുകയില്‍  അമ്മയുടെ വിതുമ്പുന്ന വിരലുകള്‍...
മിഥ്യയെ പുഴക്കിയെറിഞ്ഞ് സത്യം കണ്ണില്‍ ഇരുട്ടു കുത്തവേ
അവളോര്‍ത്തു,
പ്രണയവും മരണവും ഇടകലര്‍ന്ന പോല്‍
ചുവപ്പും നീലയും  ആടിയ തീ!
ചിതയില്‍ ചേര്‍ന്നു പൊട്ടിയതെന്തവാം,
പറയുവാന്‍ ബാക്കിവച്ച പ്രണയമോ?
 

2 അഭിപ്രായങ്ങൾ: