വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

പാഴ്ജന്മം

മണ്‍ചിരാതിലെ എണ്ണ വറ്റുമ്പോഴും
തിരി ആളിക്കത്തിയിരുന്നു...
അണഞ്ഞു പോയാല്‍ പരക്കുന്ന
കനത്ത അന്ധകാരത്തിലകപ്പെടുന്ന
വിളര്‍ത്ത ജന്മങ്ങളെയോര്‍ത്ത്,
തിരി ആളിക്കത്തിയിരുന്നു..
ചിരാതു വറ്റി വരണ്ടപ്പോഴും
തിണര്‍ത്ത ഞരമ്പുകളിലെ
ജീവനൂറ്റിയെടുത്ത്,
തിരി അണയാതെരിഞ്ഞു..
പക്ഷെ,
തിരിയുടെ ആത്മനൊമ്പരമറിയാതിരുന്നവര്‍,
പടുതിരിയാളുന്നത് അപശകുനമാണെന്നറിഞ്ഞവര്‍,
തല്ലിക്കെടുത്തിയത് ഇത്തിരിവെട്ടത്തെ മാത്രമല്ല,
ഒരു പാഴ്ജന്മം കാത്തുവച്ച
സ്നേഹമന്ത്രങ്ങളെക്കൂടിയായിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ