ഉച്ചമയക്കം പാതി മുറിഞ്ഞെഴുന്നേറ്റാൽ പിന്നന്നു മുഴുവൻ തലവേദനയാണ് അനുപമയ്ക്ക്...... വരാനിരിയ്ക്കുന്ന തലവേദനയെ കുറിച്ചോർത്ത് ആരെയൊക്കെയോ പ്രാകി പ്രാകിയാണ് അവളെഴുന്നേറ്റത്. തന്റെ ഉറക്കം കളഞ്ഞ പുറത്തെ ബഹളമെന്തെന്നറിയാൻ വാതിൽ തുറന്നു ബാൽക്കണിയിലേയ്ക്കിറങ്ങിയ അനുപമ പക്ഷേ, പ്രതീക്ഷിച്ചതൊന്നുമല്ല അവിടെ കണ്ടത്..പതിവില്ലാത്തൊരാൾക്കൂട്ടവും, സ്ത്രീകളുടെ കരച്ചിലും, ഫയറെഞ്ചിനും എല്ലാം കൂടി.. എന്തോ ഒരു ദുരന്തം സംഭവിച്ചിരിയ്ക്കുന്നു എന്നവൾ മനസ്സിലാക്കി..ഏറെ നേരം ബാൽക്കണിയിലെ ഇരുമ്പഴികളിൽ പിടിച്ചു നോക്കി നിന്നിട്ടും അവൾക്കു കാര്യം എന്തെന്ന് മാത്രം വ്യക്തമായില്ല..
വൈകുന്നേരം കളികഴിഞ്ഞെത്തിയ മകൻ പറഞ്ഞാണ് അവൾ വിവരമറിഞ്ഞത്..ആദ്യമൊരു ഞെട്ടലോടെയും പിന്നെ, മറ്റുള്ളവർക്കെന്തെങ്കിലും ദുരന്തം സംഭവിയ്ക്കുമ്പോൾ മാത്രം നമുക്കനുഭവപ്പെടുന്ന ഗൂഡഡമായ ഒരാനന്ദം കലർന്ന സഹതാപത്തോടും കൂടി അവൾ ബാൽക്കണിയിലേയ്ക്കോടി...ഏറെ പണിപ്പെട്ടു നോക്കിയിട്ടും സീറോ വാട്ട്സിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ അവൾക്കൊന്നും വ്യക്തമായില്ല..ഇരുട്ട് കീറിമുറിച്ചെത്തിയ ഒരു മെല്ലിച്ച കരച്ചിൽ മാത്രം അവൾ കേട്ടു..ഏറിയും കുറഞ്ഞും ഇടയ്ക്കിടെ കനത്ത നിശ്ശബ്ദതയിലാണ്ടും രാത്രി മുഴുവൻ ആ വിറയാർന്ന ശബ്ദമവളെ അലോസരപ്പെടുത്തി..
ജോലി കഴിഞ്ഞെത്തിയ ഭർത്താവിനോട് ഉള്ളിലുള്ള സങ്കടത്തിന്റെ ഒരു പത്തിരട്ടിയെങ്കിലും ശബ്ദത്തിലും ഭാവത്തിലും വരുത്തി അവൾ ആ വാർത്ത പറഞ്ഞു..
"നമ്മടെ കാറ് കഴുകാൻ വരണ ആളില്ലേ.. ഏതു നേരവും പാനും ചവച്ചു നടക്കുന്ന ആ ഹിന്ദിക്കാരൻ...(അപ്പോഴാണ് തനിയ്ക്കയാളുടെ പേരു പോലുമറിയില്ല എന്നവൾ തിരിച്ചറിഞ്ഞത്) അയാളുടെ കുഞ്ഞ്, വെള്ളമെടുക്കണ സംപിൽ വീണു മരിച്ചത്രേ..ഇന്നുച്ചയ്ക്ക്...തീരെ ചെറ്യെ കുഞ്ഞാണ് പോലും ..ന്തൊരു കഷ്ടാല്ലേ..ഇനീള്ള അവരടെ ജീവിതാണ് ദുരിതം ...."
" ഒന്ന് പതുക്കെ പറയ്...ഇനി ഇത് മതി ,അവൻ രാത്രി സ്വപ്നം കണ്ടു പേടിയ്ക്കാൻ ..അയാൾ അവളെ നോക്കി കണ്ണുരുട്ടി..
"മോനൊക്കെ അറിയാം.. അവനാ എന്നോടു പറഞ്ഞേ..." അവളനിഷ്ടം പ്രകടിപ്പിച്ചു കൊണ്ടു പറഞ്ഞു..
അന്ന് രാത്രി ഉറക്കത്തിലേയ്ക്കു വീഴുമ്പോഴെല്ലാം ആരോ തന്റെ കാൽ പിടിച്ചു വെള്ളത്തിലേയ്ക്കാഴ്ത്തുന്ന സ്വപ്നം കണ്ട് അനുപമ ഞെട്ടിയുണർന്നു ..വിടാതെ പിന്തുടരുന്ന തലവേദനയും അലോസരപ്പെടുത്തുന്ന സ്വപ്നങ്ങളുമായി അവളാ രാത്രി എങ്ങനെയൊക്കെയോ തള്ളി നീക്കി ...
പിറ്റേന്നു രാവിലെ ഭർത്താവോഫീസിൽ പോകാൻ ഇറങ്ങും നേരത്താണ് അപ്രതീക്ഷിതമായി അയാൾ കാർ കഴുകാൻ വന്നത്.. കാറിന്റെ താക്കോലെടുത്ത് കൊടുത്ത് കൊണ്ടു ഭര്ത്താവ് അവളോടായിപ്പറഞ്ഞു
"ഇപ്പൊ കണ്ടില്ലേ... ഇത്രേ ഉള്ളൂ, ഇവരുടെയൊക്കെ സങ്കടം...എത്ര കുട്ട്യോളുണ്ടെന്നു പോലും നിശ്ചയണ്ടാവില്ല്യ... ..നിന്റെ ഒരൂസത്തെ ഉറക്കം പോയത് മാത്രം മിച്ചം .."
അവർ പറയുന്നതൊന്നും ശ്രദ്ധിയ്ക്കാതെ,ഒന്നും മനസ്സിലാകാതെ, താക്കോലും വാങ്ങിക്കൊണ്ടയാൾ നടന്നു നീങ്ങുന്നത് അവൾ നോക്കി നിന്നൂ..
എല്ലാവരും പോയ്ക്കഴിഞ്ഞാൽ അനുപമ സ്ഥിരമായി ബാൽക്കണിയിൽ പോയിയിരിയ്ക്കും, കുറച്ചു നേരം..കഴിഞ്ഞ നാല് വർഷങ്ങളായി അനുപമ പുറം ലോകവുമായി കൂടുതൽ നേരവും സംവദിയ്ക്കുന്നത് ഈ ഇരുമ്പഴിക ൾക്കിടയിലൂടാണ്..അനുപമയ്ക്ക് ചുറ്റും ആരും ഒരു രേഖയും വരച്ചിരുന്നില്ല . അവൾക്കു വര വരച്ചതും നിയന്ത്രിച്ചതും അവൾ തന്നെ ആയിരുന്നു .. ഒരു പക്ഷെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ അവൾ അത് കവച്ചു വച്ചേനെ..മറ്റൊരാളുടെ നിശ്വാസം പോലും താങ്ങാൻ വയ്യാത്തത്ര ക്ഷീണവുമായി രാത്രി വന്നു കേറുന്ന ഭർത്താവിനും സ്വതവേ മൗനത്തിലാണ്ട മകനുമിടയിലെ ആരും കാണാത്ത, അറിയാത്ത പാലമായിരുന്നു അനുപമ.
നാല് വർഷം മുൻപാണ് പുതുതായി വാങ്ങിച്ച ആ ഫ്ലാറ്റിലേയ്ക്കു അവർ താമസം മാറിയത്..കായലിലേയ്ക്ക് തുറക്കുന്ന ബാൽക്കണിയോട് കൂടിയ ആ കിടപ്പുമുറി അനുപമയുടെ നിർബന്ധമായിരുന്നു..പക്ഷെ നേരത്തേ ഉറക്കമുണരുന്ന ഓരോ പ്രഭാതത്തിലും അവൾ കണ്ടത് കായലായിരുന്നില്ല, മറിച്ച് ഫ്ലാറ്റിനഭിമുഖമായി കെട്ടിപ്പൊക്കിയിരിയ്ക്കുന്ന.. തകരയും, ടാർപോളീനും വച്ച് തിരിച്ച കൂരകളിൽ നിന്നും പ്രഭാത കൃത്യങ്ങൾക്കായി ഇരുട്ടിന്റെ മറ പിടിച്ചു കായൽ ലക്ഷ്യമാക്കി നീങ്ങുന്ന ആൾ രൂപങ്ങളെ ആയിരുന്നു.
അന്നും കാഴ്ച്ചകൾക്കൊന്നും ഒരു മാറ്റവുമുണ്ടായിരുന്നില്ല..പുതുതായി വരുന്ന കെട്ടിടത്തിന്റെ പണിയിൽ ഏർപ്പെട്ടിരിയ്ക്കുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പണിക്കാർ ...വിജനമായ അവരുടെ കൂരകൾ.. ..കെട്ടിടത്തിന്റെ തണലിൽ ആരുടെയോ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ മയങ്ങുന്ന കൊച്ചു കുഞ്ഞ്..കൂട്ടിയിട്ട സിമന്റിൽ കാൽ പുതച്ച് ഷൂസിട്ടു കളിയ്ക്കുന്ന ചെമ്പൻ മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമിട്ട കറുപ്പും ചുവപ്പും കലർന്ന കുട്ടികൾ..എല്ലാം പതിവ് പോലെ... മുറ തെറ്റാതെ...ഇവർക്കിടയിലെവിടെയോ ഇന്നലെ കുഞ്ഞ് മരിച്ച ഒരു അമ്മയുമുണ്ട് അവളോർത്തു..
അനുപമയുടെ ചിന്തകൾക്ക് വിരാമമിട്ട് , താക്കോൽ തിരിച്ചേൽപ്പിയ്ക്കനായി അയാൾ വന്നു..ഒരു ദുരിതകാലത്തിന്റെ മുഴുവൻ ക്ഷീണവും കല്ലച്ചു കിടക്കുന്ന ആ മുഖത്തേയ്ക്കു ആദ്യമായിട്ടായിരുന്നു അനുപമ അത്ര സൂക്ഷിച്ചു നോക്കുന്നത്..എത്രയോ കാലമായി താൻ കാണാറുള്ള അയാളെ അന്നാദ്യമായ് കാണുകയാണെന്ന് തോന്നി അവൾക്ക്....ധൈര്യം ചോര്ന്നു പോകാതിരിയ്ക്കാൻ താക്കോലിൽ അമര്ത്തിപ്പിടിച്ചു കൊണ്ട് തനിയ്ക്കറിയാവുന്ന ഹിന്ദിയിലവൾചോദിച്ചു..
"ഭയ്യാ..ആപ്കാ ബേട്ടാ ഹൈൻ നാ കൽ ..."
അയാൾ നിർവികാരനായി തലയാട്ടി ..പിന്നെന്തിനാണിന്നു ജോലിയ്ക്ക് വന്നതെന്ന അവളുടെ ചോദ്യത്തിന് മുൻപിൽ കണ്ണുകൾ താഴ്ത്തി അയാൾ നിന്നു..പിന്നെ അവളുടെ കണ്ണുകളിലേയ്ക്ക് രൂക്ഷമായി നോക്കിക്കൊണ്ടു മധ്യപ്രദേശിലെ ഏതോ ഉൾനാടൻ ഗ്രാമത്തിന്റെ ചുവയുള്ള ഹിന്ദിയിൽ പറഞ്ഞു ..
എനിയ്ക്ക് ഒന്നല്ല, നാല് മക്കൾ ഉണ്ട്... അവർക്ക് വിശക്കില്ലേ?
കോപം കൊണ്ടും സങ്കടം കൊണ്ടും അയാൾ വിറച്ചു.
പിന്നെ പതുക്കെ ,വളരെപ്പതുക്കെ അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അയാൾ തന്റെ ജീവിത ചിത്രം വരച്ചു..
അയാളുടെ പേര് , തപ്തീ നദിക്കരയിലെ വീട് .. വയൽ ...ഒരു നാടിനു മുഴുവൻ ശാപമായി നദിയിലുയർന്നു വന്ന അണക്കെട്ട് ..അതിൽ മുങ്ങിപ്പോയ കൃഷിയിടങ്ങൾ ..കിടപ്പാടം..വെള്ളക്കെട്ടിനെതിരെ സമരം ചെയ്ത നാട്ടുകാർക്ക് പകരം കിട്ടിയ ഒരിറ്റു നീരില്ലാത്ത,പുല്ലുപോലും മുളയ്ക്കാത്ത പാറപ്പുറം..ഉണ്ണാനില്ലാത്ത.., ഉടുക്കാനില്ലാത്ത.., വറുതിയുടെ നാളുകളിലൊന്നിൽ കണ്മുന്നിൽ വിശന്നു മരിച്ച മകൾ.. മനസ്സ് മടുത്ത് ഭാര്യയേം കൂട്ടി പലായനം ചെയ്തിട്ടിപ്പോൾ പന്ത്രണ്ട് വർഷം..ഒരിയ്ക്കൽ പോലും തിരിച്ചു പോകാൻ കഴിഞ്ഞില്ല.. മാതാപിതാക്കളും കൂടപ്പിറപ്പുകളും എവിടെയെന്നറിയില്ല...ചിതറിപ്പോയ..,ചിന്നഭിന്നമായിപ്പോയ ഒരു കുടുംബം...
ഞങ്ങളോരോരുത്തർക്കുമുണ്ട് ഓരോ കഥകൾ .. ദാരിദ്ര്യത്തിന്റെ,കലാപങ്ങളുടെ, വികസനങ്ങളുടെ ,ഭൂമി കുലുക്കത്തിന്റെ,വെള്ളപ്പൊക്കത്തിന്റെ...
പക്ഷെ എല്ലാ കഥകളും എത്തി നിൽക്കുന്നതൊരിടത്താണ്..
'വിശപ്പ്....'
അതിനേക്കാൾ വലിയ ഒരു സത്യമില്ല..
അയാൾ പറഞ്ഞു നിർത്തി..പിന്നെ ആരോടോ പക തീർത്ത പോലെ വേഗത്തിൽ നടന്നകന്നു..
ഒരുപാടു ദിവസങ്ങൾക്ക് ശേഷം അനുപമ അന്ന് തന്റെ വീടിന്റെ എല്ലാ വാതിലുകളും, ജനലുകളും തുറന്നിട്ടു...കായൽക്കരയിൽ നിന്നും തണുത്ത കാറ്റേറ്റി വന്ന നീറുന്ന വിങ്ങൽ അന്നാദ്യമായി അവൾ തിരിച്ചറിഞ്ഞു